ഇത്തവണത്തെ ആശുപത്രിവാസം മടക്കമില്ലാത്ത യാത്രയിലേക്ക്
കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരന്തരം അലട്ടിയപ്പോഴും ഇടയ്ക്ക് ആശുപത്രിയിലെത്തി ആശ്വാസം തേടിയശേഷം വീണ്ടും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുന്ന മാണി സാറിന് ഇത്തവണ ആശുപത്രിയിലെത്തിയശേഷം പിന്നെ ജനങ്ങള്‍ക്കിടയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയിലെയും മുന്നണിയിലെയും തര്‍ക്കങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയശേഷമാണ് മാണി സാര്‍ തന്റെ അസുഖത്തിന് ആശ്വാസം തേടാന്‍ കൊച്ചിയിലേക്ക് വീണ്ടും എത്തിയത്.
രോഗാവസ്ഥയിലും ഊര്‍ജ്ജസ്വലനായി എത്തിയ അണികളുടെ പ്രിയപ്പെട്ട മാണിസാര്‍ ഇന്ന് കൊച്ചിയില്‍നിന്ന് മടങ്ങുക വിലാപയാത്രയായിട്ടാണ്. പത്തുവര്‍ഷമായി ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സതേടുന്ന കെ.എം മാണി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചാം തിയതിയാണ് എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സയെ തുടര്‍ന്ന് ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സ്ഥിതി കൂടുതല്‍ വഷളായിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതര്‍ മാണിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റ് ഇറക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമ്പോഴും യു.ഡി.എഫ് നേതാക്കളുടെയും അണികളുടെയും ശ്രദ്ധ ആശുപത്രിയിലേക്ക് ഉണ്ടായിരുന്നു. ഇന്നലെ പതിനൊന്നുവരെ ആരോഗ്യനില സാധാരണ നിലയിലായിരുന്നുവെങ്കിലും പിന്നീട് രക്തസമ്മര്‍ദം താഴുകയായിരുന്നു. ഹൃദയമിടിപ്പ് താഴ്ന്നതോടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും താളംതെറ്റി. വൈകിട്ട് 4.57 ഓടെ മരണം സ്ഥിരീകരിച്ചു. ഭാര്യ കുട്ടിയമ്മയുടെ കൈ പിടിച്ചുകൊണ്ടാണ് മാണി സാര്‍ വിടപറഞ്ഞത്. മകന് ജോസ് കെ. മാണി, മരുമകള്‍ നിഷ ഉള്‍പ്പെടെ മക്കളും മരുമക്കളും മരണസമയത്ത് കൂടെയുണ്ടായിരുന്നു. മാണിയുടെ ആരോഗ്യനില വഷളായെന്ന് അറിഞ്ഞതോടെ ഉച്ചയോടെ പ്രവര്‍ത്തകരും നേതാക്കളും ആശുപത്രിയിലേക്കെത്തി തുടങ്ങിയിരുന്നു. പര്യാടനം നിര്‍ത്തിവച്ച് സ്ഥാനാര്‍ഥികളും നേതാക്കളും ആശുപത്രിയിലേക്ക് എത്തി. വൈകിട്ട് 7.30 ഓടെ പി.ജെ ജോസഫ് ആശുപത്രിയിലെത്തി മക്കളേയും ബന്ധുക്കളേയും പ്രവര്‍ത്തകരേയും ആശ്വസിപ്പിച്ചു.
അതേസമയം, ആശുപത്രിയിലേക്കെത്തിയ പ്രവര്‍ത്തകരുടെ തിരക്ക് പരിഗണിച്ച് തുടര്‍ന്ന് 7.50വരെ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എറണാകുളത്തുനിന്നും മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ആദരവ് അര്‍പ്പിക്കാന്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി നേതാവ് സി.എഫ് തോമസ് പറഞ്ഞു. പാലായില്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും മാറ്റമുണ്ടാകുകയാണെങ്കില്‍ അറിയിക്കുമെന്നും സി.എഫ് തോമസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രി ജി. സുധാകരന്, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, എന്‍. ജയരാജ്, റോഷി അഗസ്റ്റിന്, എം. സ്വരാജ്, എം.കെ മുനീര്‍, പി.ടി തോമസ്, മേയര്‍ സൗമിനി ജയിന്, കെ.വി തോമസ്, കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, കെ. ബാബു, തോമസ് ഉണ്ണിയാടന്, നടന് കുഞ്ചാക്കോ ബോബന്, പി. രാജീവ്, പി. രാജു, പി.കെ ഫിറോസ്, അല്‍ഫോണ്‍സ് കണ്ണന്താനം, വിജയ് സാക്കറെ എന്നിവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."