ഒരു ഓട്ടോഗ്രാഫിന്റെ ഓര്‍മ
മാണി സാറിനെ ആദ്യമായി കണ്ടത് എപ്പോഴാണെന്ന് കൃത്യമായി ഓര്‍മയില്ല. 1967ല്‍ ബാപ്പ വിദ്യാഭ്യാസ മന്ത്രിയായി ക്ലിഫ് ഹൗസില്‍ താമസമാക്കിയതു മുതല്‍ ഉമ്മയും ഞങ്ങളും അങ്ങോട്ടു മാറി. ഇതേ കോംപൗണ്ടിലായിരുന്നു മന്ത്രിയായിരുന്നപ്പോള്‍ മാണി സാര്‍ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ രണ്ട് കുടുംബവും വലിയ അടുപ്പത്തിലായിരുന്നു. നേതാക്കളും മന്ത്രിമാരുമൊക്കെ പതിവായി വരുന്നതിനാല്‍ ഓട്ടോഗ്രാഫ് വാങ്ങുന്ന പതിവുണ്ടായിരുന്നു. ആദ്യം ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങിയത് മാണി സാറിനോടായിരുന്നു.
'' കുഞ്ഞു സി.എച്ചിന് ഒരുപാട് ഉയരങ്ങളിലെത്താനാവട്ടെ'' എന്നെഴുതി സ്‌നേഹപൂര്‍വം ഒപ്പിട്ടു തന്നു. അന്ന് കാണിച്ച സ്‌നേഹവും വാത്സല്യവും അവസാനം വരെ തുടര്‍ന്നു. ബാപ്പയുമായി ഉറ്റബന്ധം കാത്തുസൂക്ഷിച്ചിരുന്നു. മാണി-കോയ-കുറുപ്പ് എന്നൊരു പ്രയോഗം തന്നെ ആ കാലത്ത് ഉണ്ടായിരുന്നു. അവരുടെ കഥയല്ലെങ്കിലും ആ പേരില്‍ സിനിമ പോലും വന്നു. ബാപ്പയോടൊപ്പം മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകനായിരുന്ന മാണിസാറിന്റെ കൂടെ അത്രയും കാലം തന്നെ മന്ത്രിയായിരിക്കാനായി എന്നത് സുകൃതം.
ഞാന്‍ ആദ്യം മന്ത്രിയായി എത്തിയപ്പോള്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുകയും ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ തരികയും ചെയ്തു. നിയമസഭക്കകത്തുനിന്നു പോലും എന്നെ അടുത്തുവിളിച്ച് പാട്ടുപാടിത്തരുമായിരുന്നു. തന്റെ പരപരാ ശബ്ദം പ്രസംഗത്തിനേ പറ്റൂ, പാട്ടുപാടാന്‍ കൊള്ളില്ല എന്നു പറയാറുണ്ടായിരുന്നു. വലിയ സല്‍ക്കാരപ്രിയനുമായിരുന്നു. പലപ്പോഴും വീട്ടില്‍ വിളിച്ച് ഭക്ഷണം തരുമായിരുന്നു. ഒടുവില്‍ അവതരിപ്പിച്ച വിവാദ ബജറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. തലേന്നു രാത്രി ഞങ്ങള്‍ ചിലര്‍ നിയമസഭക്കകത്ത് കിടന്നുറങ്ങി. ഉച്ചഭാഷിണി പോലുമില്ലാതെ മാണി സാര്‍ പ്രസംഗിച്ചു. ഇങ്ങനെ ഓര്‍ക്കാനൊരുപാടുണ്ട്. ഒരു മുന്നണിയിലായപ്പോഴും അല്ലാത്തപ്പോഴുമൊക്കെ അടുത്ത വ്യക്തിബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."