സര്‍ക്കാറിന്റെ പ്രതികാരത്തിനെതിരെ സുപ്രിം കോടതി
ഡി.ജി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് സംസ്ഥാന സര്‍ക്കാര്‍ നീക്കിയ നടപടി തള്ളിക്കൊണ്ട് അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരുവാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. പുറ്റിങ്ങല്‍ വെടിക്കെട്ടിനെ തുടര്‍ന്നുണ്ടായ അപകടവും ജിഷാ വധക്കേസ് അന്വേഷണത്തിലും സെന്‍കുമാറിന്റെ പക്കല്‍ നിന്നും വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത്.
പകരം ഡി.ജി.പിയായി ലോക്‌നാഥ് ബഹ്‌റയെ നിയമിക്കുകയും ചെയ്തു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവും ജിഷാകേസ് അന്വേഷണത്തിലുണ്ടായ വീഴ്ച്ചയും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പാളിച്ചയാണെന്ന് ആഭ്യന്തര വകുപ്പു സെക്രട്ടറി നളിനി നിറ്റോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സെന്‍കുമാറന് സ്ഥാനചലനം ഉണ്ടായത്. നളിനി നിറ്റോക്ക് ഇതിനാവശ്യമായ വസ്തുതകള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്ന സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണ്.
ഡി.ജി.പിക്കുണ്ടായിരുന്ന വീഴ്ചയായിരുന്നു ഈ രണ്ടു സംഭവങ്ങളിലുമുണ്ടായിരുന്നത് എങ്കില്‍ അതേ വീഴ്ച ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. ലോ ആന്റ് ഓര്‍ഡര്‍ സ്ഥാനത്ത് ഇരിക്കുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷത്തിനുള്ളില്‍ മാറ്റാന്‍ പാടില്ലെന്ന സുപ്രിം കോടതി വിധി വിസ്മരിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയത്. ഈ നടപടിക്കെതിരെ സെന്‍കുമാര്‍ ആദ്യം ട്രൈബ്യൂണലിനെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും രണ്ടുഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ഹരജി തള്ളിപ്പോകുകയായിരുന്നു.
ഈ അവസരത്തിലാണ് ഹാരിസ് ബീരാന്റെ സഹായത്തോടെ സുപ്രിം കോടതിയെ സമീപിച്ചതും. റിട്ടയര്‍മെന്റ് വര്‍ഷത്തില്‍ സര്‍ക്കാര്‍ കാണിച്ച് അനീതിക്കെതിരെ സുപ്രിം കോടതിയില്‍ ഹരജിനല്‍കുവാനും അഭിഭാഷകരെ വെച്ച് വാദിക്കുവാനും തന്റെ പക്കല്‍ പണമില്ലായിരുന്നുവെന്നും സെന്‍കുമാര്‍ വിധി വന്ന ഉടനെ പ്രതികരിച്ചത് വികാരഭരിതനായിട്ടാണ്. പ്രകാശ് സിങ് കേസിന്റെ വിധി ഉ്ദ്ധരിച്ചാണ് കോടതി സെന്‍കുമാറിന്റെ ഹരജിയില്‍ വിധി പറഞ്ഞത്.
എസ്.പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരു പോസ്റ്റില്‍ നിയമനം നല്‍കിയാല്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ സേവന കാലാവധി ലഭിക്കേണ്ടതാണ് എന്നായിരുന്നു 2006ല്‍ പ്രകാശ് സിങ് കേസില്‍ ഉണ്ടായ സു്പ്രധാന വിധി. മേലില്‍ ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാറും നിയമത്തിന് അതീതമായി ഉന്നത ഉദ്യോഗസ്ഥരെ അവരവരുടെ സ്ഥാനങ്ങളില്‍നിന്നും അകാരണമായി നീക്കാനോ സ്ഥലംമാറ്റാനോ ഈ വിധിയുടെ പശ്ചാതലത്തില്‍ ധൈര്യപ്പെടുകയില്ല. ആ നിലക്ക് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സെന്‍കുമാറിന്റെ വിധിയെ തുടര്‍ന്ന് ഉണ്ടാകുക. ജൂണ്‍ മാസത്തില്‍ വിരമിക്കേണ്ട സെന്‍കുമാറിനെ കഴിഞ്ഞ മെയ് 31നായിരുന്നു സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്തുനിന്നു ഒഴിവാക്കിയത്.
അദ്ദേഹത്തിന്റെ ഒഴിവായ കാലത്തെ ഡ്യൂട്ടിയില്‍ ചേര്‍ക്കുകയാണെങ്കില്‍ റിട്ടയര്‍മെന്റ് നീട്ടിക്കിട്ടാം. അത് സര്‍ക്കാര്‍ ചെയ്യുന്ന ഒരു പ്രായശ്ചിത്തവും കൂടിയായിരിക്കും. സര്‍ക്കാറിന്റെ ഭരണപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് അപൂര്‍വമാണ്. സര്‍ക്കാറും ഇതു തന്നെയായിരുന്നു കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും അന്യായവും ഏകപക്ഷീയവുമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ലോക്‌നാഥ് ബെഹ്‌റയെ മാറ്റി പകരം അവിടെ സെന്‍കുമാറിനെ നിയമിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടതിലൂടെ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്ക് സുപ്രധാനമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. സെന്‍കുമാറിനെ പോലുള്ള ഉദ്യോഗസ്ഥരെ കുടുക്കാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ക്കുള്ള ശക്തമായ താക്കീതുംകൂടിയാണത്.
ഭരണപരമായ കാര്യങ്ങളിലെ വിവേചനാധികാരം എന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ നീക്കാന്‍ നിയമം ഒരിക്കലും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നിയമവിരുദ്ധമായി നടത്തിയ ഒരു പ്രവര്‍ത്തിക്ക് സുപ്രിം കോടതി നല്‍കിയ ശിക്ഷയായി വേണം ഈ വിധിയെ കാണാന്‍. ഇന്ത്യയിലെ ഏറ്റവും സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ പൊലിസ് ഉദ്യോഗസ്ഥനോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് കടുത്ത അനീതിയായിരുന്നു. വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാന്‍ നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന പ്രവണത മേലിലെങ്കിലും സര്‍ക്കാറുകള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുന: പരിശോധന ഹര്‍ജി നല്‍കിയാലും സര്‍ക്കാറിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഇടുക്കിയിലെ പെമ്പിളൈ ഒരുമക്കെതിരെ മന്ത്രി എം.എം മണിയുടെ വായില്‍ നിന്നും വന്ന അശ്ലീല ചുവയുള്ള പരാമര്‍ശം എങ്ങനെ തരണം ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ തലപുകഞ്ഞ് ആലോചിക്കുമ്പോഴാണ് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതുപോലുള്ള അനുഭവമായി സുപ്രിം കോടതി വിധി വന്നിരിക്കുന്നത്. വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് സര്‍ക്കാറുകള്‍ വൈര നിര്യാതന ബുദ്ധിയോടെ മേലുദ്യോഗസ്ഥരെ ശിക്ഷിക്കുന്ന നിലപാടുകളില്‍ നിന്നു മാറേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."