ഭരണം കിട്ടിയാല്‍ 15 ലക്ഷം നല്‍കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ബി.ജെ.പി അധികാരത്തിലേറിയാല്‍ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷംരൂപ ഇട്ടുതരുമെന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങ്. കള്ളപ്പണത്തിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ബി.ജെ.പി പറഞ്ഞത്. അതു നടത്തി വരികയുമാണ്. വിവിധ വിദേശബാങ്കുകളിലെ കള്ളപ്പണം അന്വേഷിക്കാനായി ഞങ്ങളുടെ സര്‍ക്കാരാണ് പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചതെന്നും രാജ്‌നാഥ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുന്‍പായി ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ ഇട്ടുതരുമെന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനം സംബന്ധിച്ച് പ്രതിപക്ഷം ബി.ജെ.പിയെ പരിഹസിച്ചുവരുന്നതിനിടെയാണ് രാജ്‌നാഥ് അത്തരത്തിലൊരു വാഗ്ദാനം ബി.ജെ.പി നേതാക്കളാരും നടത്തിയിട്ടില്ലെന്നു പ്രഖ്യാപിച്ചത്.
2013 നവംബറില്‍ ചത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെയാണ് 15 ലക്ഷം സംബന്ധിച്ച പ്രസ്താവന അന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി നടത്തിയത്. കള്ളപ്പണം തിരികെ കൊണ്ടുവരേണ്ടേ? കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും കൈകളിലുള്ള മുഴുവന്‍ പണവും നമുക്ക് തിരികെ പിടിക്കേണ്ടേ? വിദേശബാങ്കുകളിലുള്ള ഈ കള്ളന്‍മാരുടെ പണം നാം തരികെ കൊണ്ടുവരികയാണെങ്കില്‍ നമ്മുടെ രാജ്യത്തെ ഓരോ പാവപ്പെട്ടവനും 15- 20 ലക്ഷം രൂപ ലഭിക്കും- ഇതായിരുന്നു മോദിയുടെ അന്നത്തെ പ്രസംഗം.
അതേസമയം, പ്രതിപക്ഷ നേതാക്കളുടേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വസതികളിലും ഓഫിസുകളിലും നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്വയം ഭരണാധികാരമുള്ള സ്ഥാപനങ്ങളാണ്. അവര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. അതു സര്‍ക്കാരിനു തടയാന്‍ കഴിയില്ല. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെയും റെയ്ഡുകളെയും സര്‍ക്കാരിന് തടഞ്ഞുവയ്ക്കാനാവില്ല. ഏജന്‍സികള്‍ അവര്‍ക്കു ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."