നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരേ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്, ദിലീപിന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നത് മെയ് ഒന്നിലേക്കു മാറ്റി. ഇക്കാര്യം നേരത്തെയും സര്‍ക്കാര്‍ അഭിഭാഷകന് സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനം. ഇക്കാര്യം ഉടന്‍ എറണാകുളത്തെ വിചാരണ കോടതിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് പറഞ്ഞു.
കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന ഹരജിയില്‍ തീരുമാനമാകുന്നതുവരെ കുറ്റം ചുമത്തരുതെന്നാണ് ദിലീപും ആവശ്യപ്പെട്ടത്. മെമ്മറി കാര്‍ഡ് ഏതു തരം തെളിവാണെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സി.ആര്.പി.സി 207 പ്രകാരമുള്ള രേഖയല്ലെന്നും അതിനാല്‍ പകര്‍പ്പ് നല്‍കാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ മെമ്മറി കാര്‍ഡ് പരിഗണിക്കണമെന്നും പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."