സ്വന്തമായി കംപ്യൂട്ടര്‍ നിര്‍മിച്ച് മുഹമ്മദ് റംസി
എടച്ചേരി: വിവര സാങ്കേതിക രംഗത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കൈറ്റ്‌സ് പദ്ധതിയിലൂടെ ഐ.ടി വിദ്യാഭ്യാസത്തിന്റെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്വന്തമായി കംപ്യൂട്ടര്‍ നിര്‍മിച്ച് വ്യത്യസ്തനാകുകയാണ് മുഹമ്മദ് റംസി എന്ന വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന്‍. വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥി കെ.കെ മുഹമ്മദ് റംസി ആണ് തുച്ഛമായ ചെലവില്‍ കംപ്യൂട്ടര്‍ രൂപ കല്‍പന ചെയ്ത് കഴിവ് തെളിയിച്ചത്. ചെറുപ്പം മുതലേ ഐ.ടി സംബന്ധമായ കാര്യങ്ങളില്‍ അതീവ തല്‍പരനായിരുന്ന റംസി കഴിഞ്ഞവര്‍ഷമാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച കൈറ്റ്‌സ് പദ്ധതിയില്‍ അംഗമായത്. ഐ.ടി വിഷയങ്ങളില്‍ അതീവ താല്‍പര്യം കാണിച്ച റംസി നേരത്തെ തന്നെ സ്വന്തമായി യൂ ട്യൂബ് ചാനലും ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ബ്ലോഗും തയാറാക്കിയിരുന്നു. കൈറ്റ്‌സിന്റെ നിരവധി പരിശീലനങ്ങളില്‍ പങ്കെടുത്ത ഈ കൊച്ചു മിടുക്കന്റെ ചിന്ത സ്വന്തമായി ഒരു കംപ്യൂട്ടര്‍ നിര്‍മിക്കണം എന്നതായിരുന്നു. ഈ അവധിക്കാലം തന്റെ ആഗ്രഹം പൂവണിയുമെന്ന പ്രതീക്ഷയോടെയാണ് റംസി ഇക്കാര്യം കൈറ്റ്‌സ് കോഓഡിനേറ്ററായ സുരാജുമായി പങ്കുവയ്ക്കുന്നത്. കുട്ടിയുടെ കഴിവുകള്‍ മനസിലാക്കിയ അധ്യാപകന്റെ ഭാഗത്തു നിന്നുള്ള പ്രചോദനം കൂടി ലഭ്യമായതോടെ റംസി ഈ അവധിക്കാലം ശരിക്കും ഉപയോഗപ്പെടുത്തുകയായിരുന്നു. ഒരു ജി.ബി റാമും പതിനാറ് ജി.ബി ഡിസ്‌ക് സ്‌പേസുമുള്ള ഈ കംപ്യൂട്ടറിന് മറ്റ് ഇലക്ട്രോണിക് ഭാഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് റംസി പറയുന്നു. വെബ്‌സൈറ്റുകള്‍, ഗെയിംസ് മുതലായവ നിര്‍മിക്കാനും പഠനാവശ്യത്തിനായുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്. കുറഞ്ഞ വൈദ്യുതി മാത്രമേ ആവശ്യമായി വരുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. മദര്‍ ബോര്‍ഡിന്റെ സ്ഥാനത്ത് റാസ്ബറി പി.ഐ ഉപയോഗിച്ച ഈ കംപ്യൂട്ടറിന്റെ നിര്‍മാണത്തിനായി ഏഴ് ഇഞ്ച് മോണിറ്ററും എച്ച്.ഡി.എം.ഐ കേബിളും, ഒരു ചെറിയ പെട്ടിയും, കീബോര്‍ഡ്, മൗസ് എന്നിവയുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ കൈറ്റ്‌സ് സംസ്ഥാന ക്യാംപില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്ന് സെലക്ഷന്‍ ലഭിച്ച പത്ത് പേരില്‍ ഒരാളാണ് ഈ മിടുക്കന്‍. ഈ വര്‍ഷത്തെ സബ്ജില്ലാ ശാസ്ത്ര മേളയില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. വാണിമേലിലെ കൊയിലോത്താം കണ്ടി സുബൈറിന്റെയും നജിലയുടെയും മകനാണ് മുഹമ്മദ് റംസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."