ഭീതി പരത്തിയ പുള്ളിപ്പുലിയെ കെണിയില്‍ വീഴ്ത്തി
മംഗളൂരു: ഭീതി പരത്തിയ പുള്ളിപ്പുലിയെ ഒടുവില്‍ വനം വകുപ്പ് അധികൃതര്‍ വലയില്‍ വീഴ്ത്തി. കുന്ദാപുര ഹസ്ക്കത്തൂരില് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. ഒരു മാസത്തിലധികമായി പുലി കുന്ദാപുരയിലും പരിസര പ്രദേശങ്ങളിലും വിഹാരം നടത്തി വരികയായിരുന്നു.
പല പ്രദേശങ്ങളിലും പുലി സാന്നിധ്യം അറിയിക്കുകയും ആളുകളെ ഭീതിയിലാഴ്ത്തുകയും ചെയ്തു. പുലി പ്രത്യക്ഷപ്പെട്ട വിവരം അപ്പപ്പോള്‍ തന്നെ പരിസരവാസികള്‍ വനം വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും പുലിയെ കണ്ടെത്താന്‍ ഇവര്‍ക്കായിരുന്നില്ല. അതിനിടെ രണ്ടാഴ്ച മുന്‍പ് പാലുമായി സൊസൈറ്റിയിലേക്കു പോവുകയായിരുന്ന 35കാരിയെ പുലി ആക്രമിച്ചിരുന്നു. രക്ഷപ്പെട്ട യുവതി മുഖത്തും മറ്റും പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
ഇതോടെയാണ് പുലിയെ കുടുക്കാന്‍ വനംവകുപ്പ് കെണിയൊരുക്കിയത്. അതിനിടയില്‍ കുന്ദാപുരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്ന് പശുക്കുട്ടികളെയും ആട്ടിന്‍കുട്ടികളെയും പുലി പിടികൂടിയിരുന്നു.
ആറുവയസോളം പ്രായമുള്ള പുലിയാണ് വലയില്‍ വീണത്. പിടികൂടിയ പുലിയെ മൂകാംബിക വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ വന വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."