എന്ജിന് തകരാര്‍; ട്രെയിന്‍ പിടിച്ചിട്ടത് രണ്ടു മണിക്കൂര്‍
വടകര: എന്ജിന് തകരാറിനെ തുടര്‍ന്നു ട്രെയിന്‍ രണ്ടു മണിക്കൂര്‍ പിടിച്ചിട്ടു. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ പെരുവാട്ടുംതാഴ-പുഞ്ചിരിമില്‍ ഭാഗത്തായി വഴിയില്‍ കുടുങ്ങിയത്. എന്‍ജിനിലെ ഓയില്‍ ലീക്കിനെ തുടര്‍ന്നു വാഹനം മുന്നോട്ടു പോകാനാവാതെ നിര്‍ത്തിയിടുകയായിരുന്നു. ഇതേ തുടര്‍ന്നു കോഴിക്കോട് വരെ പോകേണ്ടവര്‍ ദേശീയപാതയിലെത്തി ബസിനു പോയി. ചൂടും ദാഹവും കാരണം തളര്‍ന്ന യാത്രക്കാര്‍ക്ക് കുടിവെള്ളവും മറ്റുമെത്തിച്ചത് നാട്ടുകാരാണ്.
8.40നാണ് കണ്ണൂരില്‍ നിന്ന് എന്ജിന് എത്തിയത്. തുടര്‍ന്ന് ട്രെയിനിനെ പിന്നില്‍ നിന്നു തള്ളി വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. കേടായ എന്ജിന് മാറ്റി യാത്ര തുടരുമ്പോഴേക്കും ഒന്‍പതു മണി കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ പോകേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍, മാവേലി, മലബാര്‍ എക്സ്പ്രസുകളും വൈകി. ഇവ മാഹി, തലശേരി, കണ്ണൂര്‍ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
കണ്ണൂരില്‍ നിന്നു പുറപ്പെട്ട് ഒരു മണിക്കൂര്‍ പിന്നിടും മുന്‍പ് എന്ജിന് കേടായത് ഉദ്യോഗസ്ഥരുടെ അലംഭാവമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദീര്‍ഘദൂര ട്രെയിനുകളുടെ എന്‍ജിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെടുകയാണെന്ന് യാത്രക്കാരും യൂസേഴ്സ് ഫോറവും ആരോപിച്ചു. ഇതേ ട്രെയിന്‍ മാസങ്ങള്‍ക്കു മുന്‍പ് കൊയിലാണ്ടിക്കടുത്തും കുടുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."