വലിയ വിമാന സര്‍വിസ്: റണ്‍വേ പരിശോധന ഇന്നുമുതല്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിന്‍വലിച്ച വലിയ വിമാനങ്ങളുടെ സര്‍വിസിനുള്ള സാധ്യത പരിശോധിക്കാന്‍ ഡി.ജി.സി.എയുടെ റണ്‍വേ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും. ഡി.ജി.സി.എ ജോയിന്റ് കമ്മിഷണര്‍ എസ്.റാവത്തിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് റണ്‍വേ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. പരിശോധന സംഘത്തിലെ രണ്ടു പേര് ഇന്നലെ കരിപ്പൂരിലെത്തി. റാവത്ത് ഇന്ന് രാവിലെ വിമാനത്താവളത്തിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയന് വ്യോമയാന മന്ത്രിയെ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നത്. റണ്‍വേ പരിശോധിക്കാനും നിലവിലെ കരിപ്പൂരിലെ സാഹചര്യം മനസിലാക്കാനുമാണ് ഡി.ജി.സി.എ ഉദ്യോഗസ്ഥരെ അയക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചത്. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
2015 മെയ് ഒന്നുമുതലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കുകയും ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പരിശോധനക്കെത്തിയ ഡി.ജി.സി.എ സംഘം കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിക്കുന്ന പക്ഷം ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്ന് നടത്താനാകുമെന്ന പ്രതീക്ഷ ഹജ്ജ് കമ്മിറ്റിക്കുമുണ്ട്. അതിനിടെ വിമാനത്താവളത്തിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ഡി.ജി.സി.എ അസി.ഡയറക്ടര്‍ ആന്റണി സാമുവലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന്റെ പരിശോധന കരിപ്പൂരില്‍ തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."