പൊതു ശുചിമുറികളില്ലാതെ വടക്കാഞ്ചേരി പട്ടണം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനം, നഗരസഭയുടെ കേന്ദ്രം വടക്കാഞ്ചേരിയ്ക്ക് പെരുമയേറെയുണ്ട്. എന്നാല്‍ ഈ പട്ടണത്തിലേക്ക് വരുമ്പോള്‍ ജനങ്ങള്‍ രണ്ടു വട്ടമൊന്ന് ആലോചിക്കണം. പ്രാഥമികാവശ്യം നിറവേറ്റാന്‍ എന്തെങ്കിലും ശങ്ക തോന്നിയാല്‍ ഒരു രക്ഷയുമില്ല ഈ നാട്ടില്‍. വടക്കാഞ്ചേരി മുതല്‍ ഓട്ടുപാറ വരെയുള്ള ഏകദേശം ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്നതാണ് വടക്കാഞ്ചേരി പട്ടണം. വടക്കാഞ്ചേരിയില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിലും, ഓട്ടുപാറയില്‍ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിനോട് ചേര്‍ന്നും ബസ് സ്റ്റാന്റുകള്‍ ഉണ്ടെങ്കിലും രണ്ടിലും ശുചിമുറിയില്ല. ഇത് മൂലം വിവിധ ആവശ്യങ്ങള്‍ക്കായി വടക്കാഞ്ചേരിയിലും ഓട്ടുപാറയിലുമായി പ്രതിദിനം എത്തുന്ന നൂറ് കണക്കിന് പേര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പട്ടണത്തിലെ ഹോട്ടലുകളേയോ, സ്വകാര്യ സ്ഥാപനങ്ങളേയോ ആശ്രയിക്കേണ്ട ഗതികേടിലാണ്. സ്ത്രീകളും, കുട്ടികളുമാണ് വലിയ ദുരിതം അനുഭവിക്കുന്നത്. വടക്കാഞ്ചേരിയിലെ ശുചിമുറി അടഞ്ഞ് കിടക്കുന്നത് ടെന്‍ഡര്‍ നടപടികളിലെ നൂലാമാലകള്‍ കൊണ്ടാണെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണേണ്ടത് ആരെന്ന ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."