കൈയ്യൊഴിഞ്ഞ് അധികാരികള്‍; ദുരിതം പേറി കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍
ചരിത്രത്തില്‍ ആദ്യമായാണ് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ഇത്രയും ദുരിതമനുഭവിക്കുന്നത്. വരള്‍ച്ചയും ഓരുവെള്ളവും മൂലം കൃഷി നാശമുണ്ടായ നെല്ലറയിലെ കര്‍ഷകരുടെ നട്ടെല്ലൊടിഞ്ഞു എന്നതാണ് സത്യം. എല്ലാം മുറപോലെയും പേരിനു വേണ്ടി എന്തെങ്കിലുമൊക്കെകാട്ടിക്കൂട്ടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും നമുക്ക് അന്നം തരുന്ന കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രമാണ് ഇത്തവണ സമ്മാനിച്ചത്. വരള്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ഭരണസിരാ കേന്ദ്രങ്ങളില്‍ ഉടുതുണിയുരിഞ്ഞും മൂത്രം കുടിച്ചും പ്രതിഷേധിക്കുമ്പോള്‍ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ കര്‍ഷകര്‍ സ്വയം കണ്ണീര്‍ പൊഴിക്കുകയാണ്.
വരള്‍ച്ചയും ഉപ്പുവെള്ളവും എല്ലാം തകര്‍ത്തു
പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇത്തവണ ഇരട്ടപ്രഹരമാണ് കിട്ടിയത്. വര്‍ള്‍ച്ചയും, കായലില്‍ ഉപ്പുവെള്ളം കയറിയതും കര്‍ഷകരെ വെട്ടിലാക്കി. പ്രതിരോധം തീര്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ വന്നപ്പോള്‍ കൃഷി വകുപ്പും, ഇറിഗേഷന്‍ വിഭാഗവും ഒന്നും ചെയ്യാന്‍ കഴിയാതെ കയ്യും കെട്ടി നിന്നു.
അശാസ്ത്രീയമായി തണ്ണീര്‍മുക്കം ബണ്ട് തുറന്നതും തോട്ടപ്പള്ളി, കായംകുളം പൊഴികള്‍ മുറിച്ചതുമാണ് കര്‍ഷകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. ഉപ്പുവെള്ളത്തെ യഥാവിധം തടയാന്‍ ഓരുമുട്ടകള്‍ സ്ഥാപിച്ച് ഇറിഗേഷന്‍ വിഭാഗം വേണ്ട നടപടികള്‍ ചെയ്യാതിരുന്നത് തിരിച്ചടിയായി. 83 ലുണ്ടായ കൊടും വര്‍ള്‍ച്ചയുടെ നിഴലിലായിരുന്നു ഇത്തവണ കുട്ടനാട്. അന്ന് ആറും പുഴകളും വറ്റിവരണ്ട് വന്‍ കൃഷി നാശമുണ്ടായി.
നെല്ല് സംഭരണം:തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകടി
ഫെബ്രുവരി 20 ന് ഇത്തവണകൊയ്ത്ത് പൂര്‍ത്തിയാക്കി 25 ന് നെല്ല് സംഭരണം ആരംഭിച്ചു. എല്ലാ വര്‍ഷവും കിഴിവിന്റ് പേരില്‍ മില്‍ ഉടമകളുമായി നേരിയ തര്‍ക്കം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ കിഴിവിന്റ് അളവുകോല്‍ റോക്കറ്റ് വേഗതയിലായിരുന്നു. ഈര്‍പ്പത്തിന്റ് പേരില്‍ 5 കിലോ വരെ കിഴിവ് നല്‍കിയിരുന്ന കര്‍ഷകര്‍ ഇത്തവണ 30 കിലോ വരെ നല്‍കേണ്ടി വന്നു .തര്‍ക്കം രൂക്ഷമായപ്പോള്‍ നെല്ല് സംഭരണം മുടങ്ങി. ഒരു മണി നെല്ല് പോലും മില്‍ ഉടമകളും കര്‍ഷകരുമായുള്ള തര്‍ക്കത്തിനിടെ നഷ്ടമാക്കില്ലായെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞെങ്കിലും അതൊരു മന്ത്രി വാക്കായി തന്നെ അവശേഷിച്ചു. ഇപ്പോള്‍ നെല്ല് സംഭരണം നടക്കുന്ന പാടശേഖരങ്ങളില്‍ 20, 25 ഉം കിലോ വരെ കിഴിവാണ് നഷ്ടം സഹിച്ച് കര്‍ഷകര്‍ നല്‍കുന്നത്.
മില്‍ ഉടമകളും,പാഡി ഓഫീസര്‍മാരും ഒരേ തട്ടില്‍: കര്‍ഷകര്‍
ഈര്‍പ്പത്തിന്റെ പേരില്‍ കര്‍ഷകരുടെ തലയ്ക്കിട്ടടിക്കാന്‍ മില്‍ ഉടമകളും പാഡി ഓഫീസര്‍മാരും തോളത്ത് കൈയിടുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. പരിശോധനാ സംവിധാനങ്ങളുടെ പോരായ്മകളും ഉണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നു. കിഴിവിന്റ് തര്‍ക്കം ഉണ്ടായാല്‍ കര്‍ഷകരേക്കാള്‍ ഐക്യമാണ് മില്‍ ഉടമകള്‍ക്ക്.ഇവരുടെ ഐക്യത്തിന് പാഡി ഓഫീസര്‍മാര്‍ കരുത്ത് പകരുന്നുവെന്നാണ് ആക്ഷേപം.ഇത്തവണ ഉപ്പുവെള്ളം കയറി നെല്ല് പൊട്ടി പോകുന്നതിനാല്‍ നഷ്ട്ടമുണ്ടാകുന്നുവെന്നാണ് മില്‍ ഉടമകള്‍ പറയുന്നത്.കര്‍ഷകരെ സഹായിക്കേണ്ടത് സര്‍ക്കാരാണ് തങ്ങളല്ലായെന്നാണ് മില്‍ ഉടമകളുടെ നിലപാട്.
മന്ത്രിമാരെത്തുന്നത് ഉദ്ഘാടനകള്‍ക്ക് മാത്രം
വിത്തെറിയാനും, കൊയ്ത്ത് ഉദ്ഘാടനത്തിനും മാത്രമാണ് കൃഷിമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ കുട്ടനാട്ടിലെത്തുന്നതെന്നാണ് കര്‍ഷകരുടെ പരാതി.വരള്‍ച്ചയും, കൃഷിനാശവുമൊക്കെ അവര്‍ക്ക് അറിയണ്ടയെന്നതിന് തെളിവാണ് ഇതൊക്കെ കാണിക്കുന്നതെന്നാണ് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നത്. കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മുകളിലേക്കറിയിക്കുന്നതില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അമ്പേ പരാജയപ്പെടുന്നതാണ് കുട്ടനാടിന്റെ ദുരിതമെന്നതാണ് വാസ്തവം. വെള്ളത്തിന്റയും, ചെളിയുടെയും ചലനവും ,കനവുമറിയുന്ന മുതിര്‍ന്ന കര്‍ഷകരുടെ അറിവുകള്‍ പ്രയോജനപ്പെടുത്തിയാല്‍ തന്നെ കൃഷിവകുപ്പിന് കൈ പിടിച്ചുയര്‍ത്താവുന്നതേയുള്ളൂ കുട്ടനാട്ടിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍.
സംഭരിച്ച നെല്ലിന്റെ വിലയും കുടിശിക
മാര്‍ച്ച് പത്ത് വരെയുള്ള പണം കര്‍ഷകര്‍ക്ക് ലഭിച്ചു.ഈ പണവും വൈകിയാണ് കിട്ടിയത്.മാര്‍ച്ച് പത്ത് മുതലുള്ള പണം കുടിശികയാണ്. കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയ്ക്ക് മാത്രം 138 കോടി രൂപ ലഭിക്കാനുണ്ട്. നെല്ല് സംഭരിച്ച ഇനത്തില്‍ പത്ത് ജില്ലകള്‍ക്കായി 270 കോടി രൂപയാണ് ലഭിക്കാനുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ട്. കേന്ദ്ര വിഹിതം വകമാറ്റി ചെലവഴിച്ചെന്നാണ് കര്‍ഷകരുടെ പരാതി.
വാഹനങ്ങളും, വൈക്കോലും ചതിച്ചു
തര്‍ക്കത്തെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ കൊയ്ത നെല്ല് കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയുണ്ട്.തര്‍ക്കം ഒരുവിധം പരിഹരിക്കുമ്പോള്‍ ലോറിയും,വള്ളവും ആവിശ്യത്തിന് ലഭിക്കില്ല. ഇത്തരത്തില്‍ പാടശേഖരത്ത് കൂട്ടിയിട്ടിരുന്ന ലക്ഷക്കണക്ക് രൂപയുടെ നെല്ല് കഴിഞ്ഞ ദിവസം കത്തിനശിച്ചു.വൈക്കോലിന് തീപിടിച്ച്് പടര്‍ന്നതാണ് കര്‍ഷകരുടെ ഹൃദയം തകര്‍ത്തത്.
എല്ലാ ദുരിതങ്ങള്‍ക്കിടയിലും കനലായി മാര്‍ത്താന്‍ഡന്‍ കായലിലെ നെല്‍കര്‍ഷകര്‍
ദുരിതകയത്തിലായ കര്‍ഷകര്‍ സര്‍വ്വത്ര പ്രതിഷേധത്തിന്റെ മാലപടക്കം പൊട്ടിക്കുമ്പോള്‍, തിരിഞ്ഞ് നോക്കാത്ത ഭരണാധികാരികള്‍ക്കും, അനങ്ങാപാറ നയം കൈമുതലാക്കിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ അതിജീവനത്തിന്റെ കരുത്തുള്ള യഥാര്‍ത്ഥ ചിത്രം വരച്ച് കാണിക്കുകയാണ് മാര്‍ത്താന്‍ഡന്‍ കായലിലെ കര്‍ഷകര്‍.
കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി ഇവിടെ അറുന്നൂറ് ഏക്കര്‍ പാടശേഖരത്ത് കര്‍ഷകര്‍ മാര്‍ത്താന്‍ഡന്‍ നെല്‍ ഉല്‍പ്പാദക സമിതിയുടെ നേത്യത്വത്തില്‍ കൃഷി ചെയ്യുന്നു.എന്നാല്‍ കുട്ടനാട് പാക്കേജ് പ്രകാരം കൃഷി ചെയ്യാതെ കിടന്ന പല പാടശേഖരത്തും പുറംബണ്ട് നിര്‍മ്മിച്ച് നല്‍കി. കൃഷി ചെയ്യുന്ന തങ്ങളെ സഹായിക്കണമെന്ന് എല്ലാര്‍ക്കും പരാതി നിവേദമായി നല്‍കി. പക്ഷേ ഒന്നും കിട്ടിയില്ല.എന്നാല്‍ ഇവര്‍ യഥാര്‍ത്ഥ കുട്ടനാടന്‍ കരുത്ത് കാണിച്ചു കൊടുത്തു. പാടരേഖര സമിതി അംഗങ്ങള്‍ പിരിവിട്ട് സ്വയം കരുത്തില്‍ ബണ്ട് നിര്‍മ്മിച്ച് ഇത്തവണയും കൃഷിയിറക്കി. ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും നാണം കെടുത്തി കൃഷി ഇറക്കി വിജയം കൊയ്യാനിറങ്ങിയ കരുത്തരുടെ കൂട്ടര്‍ ഓരുവെള്ളത്തിന്റെയും, വരള്‍ച്ചയുടെയും മുന്നില്‍ മുട്ടുമടക്കി. ഏക്കറിന് ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായി. നിരന്തരം കൃഷി ചെയ്യുന്ന പാടശേഖരത്തെ ഒഴിവാക്കി മറ്റ് പാടശേഖരങ്ങളെ സര്‍ക്കാര്‍ സഹായിച്ചതിന് മധുര പ്രതികാരത്തിനിറങ്ങിയ കര്‍ഷകര്‍ക്കും തിരിച്ചടിയായി ഇത് ആദ്യമായി.
വര്‍ള്‍ച്ചയും കൃഷി നാശവും ഇവിടെ..
കേന്ദ്ര സംഘം അവിടെ
ചരിത്രത്തില്‍ ആദ്യമായിയാണ് കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ഉപ്പുവെള്ളവും, വരള്‍ച്ചയും മൂലം ഇത്രയും ദുരിതം പേറിയത്.സംസ്ഥാന സര്‍ക്കാരും ജില്ലയെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിച്ചു. പക്ഷേ വരള്‍ച്ചയെ കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇവിടെ എത്തിയില്ല. കുട്ടനാടിനോടുള്ള അവഗണയ്ക്ക് ഇതിലും വലിയ ഉദാഹരണം തങ്ങളുടെ ജീവിതത്തിലിനി ചൂണ്ടികാണിക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സംസ്ഥാനത്തെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നാല് മന്ത്രിമാരുണ്ടായിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ചോദിക്കുന്നത്. അവഗണനയില്‍ പ്രതിഷേധിച്ച് രാഷ്ട്രിയ സാമൂഹ്യ സംഘടനകള്‍ പ്രത്യക്ഷ സമരവും, പ്രതിഷേധവും നടത്തുകയാണ്. പക്ഷേകുട്ടനാട്ടിലെ കരുത്തന്‍മാരായ കര്‍ഷകര്‍ക്കാവിശ്യം ഈ പ്രതിഷേധ ശബ്ദമല്ല. അവരുടെ ഹൃദയം കണ്ണീര്‍ പാടമായിരിക്കുന്നു അവിടെ സന്തോഷത്തിന്റെ വിത്തെറിയാന്‍ എത്തേണ്ടവര്‍ നേരിട്ടെത്തണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."