HOME
DETAILS
MAL
അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരളയില്‍നിന്ന് പുറത്താക്കി
backup
July 21 2020 | 02:07 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ എക്‌സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സെക്രട്ടറിയേറ്റിനു സമീപത്ത് ഫ്‌ളാറ്റ് എടുത്തുനല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് നേരത്തെ ഐ.ടി പാര്‍ക്ക്‌സ് മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും മടങ്ങി വരുന്ന പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയായ ഡ്രീം കേരളയില്‍നിന്ന് ഒഴിവാക്കിയിരുന്നില്ല. അരുണിനെ നീക്കാന്‍ നോര്‍ക്ക സെക്രട്ടറി ഇളങ്കോവന് മുഖ്യമന്ത്രി അടിയന്തരമായി നിര്‍ദേശം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഐ.ടി ഫെല്ലോ എന്ന പദവിയുടെ അടിസ്ഥാനത്തിലായിരുന്നു അരുണ്‍ ബാലചന്ദ്രനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും ഐ.ടി ഫെല്ലോ സ്ഥാനത്തുനിന്ന് മാറ്റിയതിനാല്‍ ഡ്രീം കേരള പദ്ധതിയുടെ എക്‌സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് ഇതിന് നോര്‍ക്ക നല്‍കുന്ന വിശദീകരണം.
അതേസമയം ഐ.എ.എസുകാരും ഐ.പി.എസുകാരും മാത്രമുള്ള എക്‌സിക്യൂഷന്‍ കമ്മിറ്റിയില്‍ ചട്ടം ലംഘിച്ചാണ് അരുണിനെ തിരുകിക്കയറ്റിയത്. ഐ.ടി മേഖലയില്‍ വിദേശ നിക്ഷേപം എത്തിക്കുക എന്നതായിരുന്നു അരുണിന്റെ ചുമതല.
2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂലൈ വരെ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. കൊച്ചിയിലടക്കം കോടികള്‍ മുടക്കി വമ്പന്‍ പരിപാടികളാണ് അരുണ്‍ സംഘടിപ്പിച്ചത്.
വിദേശനിക്ഷേപം തേടി ഐ.ടി സെക്രട്ടറി ശിവശങ്കറിനൊപ്പം അമേരിക്കയിലും ദുബൈയിലും യാത്രകള്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."