നിലംനികത്തി ഫ്‌ളാറ്റ് നിര്‍മാണം അനേ്വഷണത്തിന് മനുഷ്യവകാശ കമ്മിഷന്‍ ഉത്തരവ്
കോഴിക്കോട്: പന്നിയങ്കരയില്‍ വര്‍ഷങ്ങളായി നിലമായി കിടന്ന സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് അനുമതി നല്‍കിയ സംഭവം കോഴിക്കോട് ആര്‍.ഡി.ഒ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
പന്നിയങ്കര സ്വദേശി എം. സന്തോഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. തന്റെ വീടിന് സമീപം നെല്‍കൃഷി നടത്തുന്ന വയലാണെന്നും വയലിനരികില്‍ പുരാതനമായ ഒരു കുളമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. വയല്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് ഒരു സ്വകാര്യകമ്പനിക്ക് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ കോഴിക്കോട് നഗരസഭ അനുമതി നല്‍കിയതായും പരാതിയില്‍ പറയുന്നു.
കോഴിക്കോട് നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 30 വര്‍ഷം പഴക്കമുള്ള വീടും 40 വര്‍ഷം പഴക്കമുള്ള വൃക്ഷങ്ങളും ഉണ്ടായിരുന്ന സ്ഥലമായതിനാലാണ് കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായപ്പോഴാണ് പരാതിയുണ്ടായത്.
നഗരസഭ നേരിട്ട് ഡ്രൈനേജ് നിര്‍മിച്ചെന്നും തൊട്ടടുത്ത വീടുകളുടെ അറ്റകുറ്റപണികള്‍ നഗരസഭ നിര്‍വഹിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.പരാതിക്കാരന്‍ ഫ്‌ളാറ്റ് നിര്‍മാണം കാരണം തന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചതിന്റെ ചിത്രങ്ങള്‍ കമ്മിഷനില്‍ ഹാജരാക്കി.
വര്‍ഷങ്ങളായി നിലമായി കിടന്ന സ്ഥലത്ത് നിര്‍മാണത്തിന് അനുമതി നല്‍കിയത് ശരിയായില്ലെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിന് അനുമതി നല്‍കിയതെന്ന വാദം സ്വീകാര്യമല്ലെന്നും കമ്മിഷന്‍ ചൂണ്ടികാണിച്ചു. നിലംനികത്തി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികള്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുണ്ടോയെന്ന് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.
പരാതിയുടെ പകര്‍പ്പും നഗരസഭയുടെ റിപ്പോര്‍ട്ടും ആര്‍.ഡി.ഒക്ക് കമ്മിഷന്‍ അയക്കും. ആര്‍.ഡി.ഒ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."