ജില്ലയില്‍ 27.14 ലക്ഷം വോട്ടര്‍മാര്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27.14 ലക്ഷം പേര്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതില്‍ 14,23,857 പേര്‍ സ്ത്രീകളും 12,90,259 പേര്‍ പുരുഷന്മാരും 48 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.
13,46,641 വോട്ടര്‍മാരാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 6,29,327 പേര്‍ പുരുഷന്മാരും 7,17,300 പേര്‍ സ്ത്രീകളുമാണ്. 14 ട്രാന്‍സ്‌ജെന്റേഴ്‌സ് മണ്ഡലത്തിലുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 7,06,557 സ്ത്രീകളും 6,60,932 പുരുഷന്മാരും 34 ട്രാന്‍സ്‌ജെന്റേഴ്‌സുമടക്കം ആകെ സമ്മതിദായകര്‍ 13,67,523 ആണ്.
ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ്. ആറ്റിങ്ങല്‍ - 1071, തിരുവനന്തപുരം - 942 എന്നിങ്ങനെയാണ് വിദേശത്തുള്ളവരുടെ കണക്ക്. 100 വയസിന് മേല്‍ പ്രായമുള്ളവര്‍ 238ഉം കൗമാരക്കാര്‍ 46,441ഉം ആണ്. ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രകാരം 100 വയസിന് മേല്‍ പ്രായമുള്ള 238 പേര്‍ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായുണ്ട്. ഇതില്‍ 79 പേര്‍ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. 18 മുതല്‍ 19 വയസ് വരെയുള്ളവരുടെ വിഭാഗത്തില്‍ 46,441 പേരാണ് ജില്ലയിലുള്ളത്. പുരുഷന്മാര്‍ - 24,098, സ്ത്രീകള്‍ 22,338, ട്രാന്‍സ്‌ജെന്റേഴ്‌സ് - അഞ്ച് എന്നിങ്ങനെയാണ് കൗമാരക്കാരുടെ കണക്ക്.
തെരഞ്ഞെടുപ്പ് ബോധവല്‍കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നാളെ സ്‌കേറ്റിങ് റാലിയും ബൈക്ക് റാലിയും സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍നിന്ന് എം.ജി റോഡില്‍ ആയുര്‍വേദ കോളജിന് സമീപം വരെ നടക്കുന്ന സ്‌കേറ്റിങ് റാലിയില്‍ 25 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കലക്ടര്‍ ഡോ. കെ. വാസുകി ഫ്‌ളാഗ് ഓഫ് ചെയ്യും. 14ന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലിയില്‍ 100 പേര്‍ പങ്കെടുക്കും. മാനവീയം വീഥിയില്‍നിന്ന് ശംഖുമുഖം കടപ്പുറത്തേക്കാണ് റാലി. ജില്ലാ കലക്ടര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി നടക്കുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."