തലിച്ചാലം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അറ്റകുറ്റ പ്രവര്‍ത്തി നടത്തണം
തൃക്കരിപ്പൂര്‍: തലിച്ചാലം റഗുലേറ്റര്‍ കം ബ്രിഡ്ജ് അറ്റകുറ്റ പ്രവര്‍ത്തി നടത്തണമെന്ന ആവശ്യം ശക്തമായി. 1964ല്‍ നടപ്പാതയോട് നിര്‍മിച്ച തടയണ കാലപ്പഴക്കം മൂലം തകര്‍ന്നതു കാരണം നെല്‍കൃഷി നശിക്കാനിടയാവുന്നു. 80 മീറ്റര്‍ നീളത്തിലുളള പാലത്തില്‍ 20 മീറ്റര്‍ മരപലക കൊണ്ട് നിര്‍മിച്ച ഷട്ടറുകളുടെ പലകകള്‍ കാലപഴക്കം മൂലം ദ്രവിച്ച് ഉപ്പുവെള്ളം കയറിയാണ് കൃഷി നശിക്കുന്നത്.
പയ്യന്നൂര്‍ മുനിസിപാലിറ്റിയിലെ കാര, അന്നൂര്‍, പടിഞ്ഞാറക്കര തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ തലിച്ചാലം, കക്കുന്നം, ചെറുകാനം, കുണിയന്‍ മേഖലയിലായി 500 ഹെക്ടര്‍ നെല്‍ കൃഷി ചെയ്യുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു വിള കൃത്യമായി കൃഷി ചെയ്തിരുന്ന പ്രദേശമാണിത്. നടപ്പാതയോടു ചേര്‍ന്നുളള കൈവരിയും തകര്‍ന്നതോടെ കാല്‍നടയാത്രയും അപകടം നിറഞ്ഞതാണ്. കാര തലിച്ചാലം മേഖലയിലുളളവര്‍ക്ക് എളുപ്പം മറുകരയിലെത്താന്‍ ഈ തടയണയെയാണ് ആശ്രയിച്ചിരുന്നത്. മരപ്പലക മാറ്റി പുതിയ ഷട്ടര്‍ നിര്‍മിച്ചു കൃഷിക്കു യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് കമ്മിറ്റി ജലസേചന വകുപ്പിനും പഞ്ചായത്തിനും നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."