സാറഡുക്ക ചെക്ക് പോസ്റ്റ് കര്‍ണാടക പുനഃസ്ഥാപിച്ചു
ബദിയടുക്ക: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നു നീക്കം ചെയ്ത പൊലിസ് ചെക്ക് പോസ്റ്റ് കര്‍ണാടക പുനഃസ്ഥാപിക്കുന്നു. സാറഡുക്ക ചെക്ക് പോസ്റ്റ് പുനഃസ്ഥാപിക്കുവാനും നേരത്തെ ഉണ്ടായിരുന്ന രീതിയില്‍ പൊലിസിന്റെ സേവനം ലഭ്യമാക്കാനും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. സാറഡുക്ക ചെക്ക് പോസ്റ്റ് നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇതുവഴി കള്ളക്കടത്ത് നിര്‍ബാധം നടക്കുന്നതായി 'സുപ്രഭാതം' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30 വര്‍ഷം മുന്‍പാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനധികൃത കടത്തുതടയുന്നതിനു വേണ്ടി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശമായ സാറഡുക്കില്‍ പൊലിസ് ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തിയത്.
ഇവിടെ ഷിഫ്റ്റ് പ്രകാരം പൊലിസിന്റെ സേവനം ഉണ്ടായിരുന്നു. ചെക്ക് പോസ്റ്റ് തുറന്നതിനെ തുടര്‍ന്ന് അനധികൃത കടത്ത് നിലച്ചിരുന്നു. എന്നാല്‍ ചെക്ക് പോസ്റ്റ് മാറ്റിയതോടെ മദ്യ മാഫിയകളുടെയും അനധികൃത കടത്ത് സംഘത്തിന്റെയും താവളമായി മാറുകയായിരുന്നു സാറഡുക്ക പൊലിസ് ചെക്ക് പോസ്റ്റ്. ഈ പ്രദേശത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കര്‍ണാടകയിലെ വിട്‌ള പൊലിസ് സ്റ്റേഷനില്‍ നിന്നോ കേരളത്തിലെ ബദിയഡുക്ക പൊലിസ് സ്റ്റേഷനില്‍ നിന്നോ വേണമായിരുന്നു പൊലിസ് എത്താന്‍. ചെക്ക് പോസ്റ്റ് പുനഃസ്ഥാപിക്കുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാവും. കേരള അതിര്‍ത്തിയിലെ അഡ്ക്കസ്ഥല, പെര്‍ള തുടങ്ങിയ സ്ഥലങ്ങളിലേക്കും കര്‍ണാടകയിലെ തോറണക്കട്ട, അഡ്യനഡുക്ക, പുണച്ച, കൊല്ലമ്പതവ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സ്ത്രീകളും വിദ്യാര്‍ഥിനികളുമടക്കം നൂറു കണക്കിന് യാത്രക്കാരാണ് ഈ പ്രദേശം വഴി പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."