സമ്പൂര്‍ണ വൈദ്യുതീകരണം: നടപടികള്‍ ദ്രുതഗതിയില്‍
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ അവസാന ഘട്ട നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അപേക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതിലധികം വര്‍ധിച്ചതും ചില സാങ്കേതിക തടസങ്ങളുണ്ടായതുമാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ വൈകിയത്്. എന്നാല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ജനകീയമായ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സമ്പൂര്‍ണ വൈദ്യുതീകരണം. 1,30,000 ത്തോളം അപേക്ഷകള്‍ പ്രതീക്ഷിച്ചിടത്ത് 1,51,834 അപേക്ഷകളാണ് ലഭിച്ചത്. മാര്‍ച്ച് 31വരെ അപേക്ഷിച്ചവരെ മുഴുവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം 30,000ത്തോളം അപേക്ഷകള്‍ ലഭിച്ചത് പൂര്‍ത്തീകരണം വൈകാന്‍ കാരണമായി. കൂടാതെ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതും വൈദ്യുതി ലൈന്‍ കടത്തിവിടാന്‍ ചിലയിടങ്ങളിലെ ഭൂവുടമകള്‍ സമ്മതിക്കാത്തതും പദ്ധതി വൈകാന്‍ കാരണമായി. ഇത്തരത്തില്‍ 1,500ത്തോളം കണക്ഷനുകളാണ് മുടങ്ങിക്കിടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് വനം വകുപ്പിന്റെ അനുമതി കിട്ടാത്ത പ്രദേശങ്ങളുള്ളത്. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം അവിടങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. വൈദ്യുതി ലൈന്‍ കടത്തിവിടാന്‍ ഭൂവുടമകള്‍ സമ്മതിക്കാത്ത സ്ഥലങ്ങളില്‍ കണക്ഷന്‍ നല്‍കാന്‍ എ.ഡി.എമ്മിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ ഒരാഴ്ചക്കകം തന്നെ അവിടങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വയറിങ് ചെയ്ത വീടുകള്‍ക്കാണ് പദ്ധതി പ്രകാരം വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വയറിങ് നടത്താത്ത 5,000 ത്തോളം വീട്ടുകാരാണ് വൈദ്യുതിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. വയനാട്ടില്‍ നിന്ന് മാത്രം ഇത്തരം 3,000 ത്തോളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. പ്രത്യേകം ഫണ്ട് കണ്ടെത്തി അവര്‍ക്കും വൈദ്യുതി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
കാസര്‍കോഡ് ജില്ലയില്‍ മാത്രമാണ് സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായത്. ആലപ്പുഴ, കോട്ടയം,പാലക്കാട് ജില്ലകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. മറ്റു ജില്ലകളിലും അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയാക്കി കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."