പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം 20 പേര്‍ മരിച്ചു; 48 പേര്‍ക്ക് പരുക്ക്
ഇസ്‌ലാമാബാദ്: പാകിസ്താനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്ക്. തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലെ മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ഹസാര്‍ ഗഞ്ചിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സംഭവം. ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്നും കൊല്ലപ്പെട്ടവരില്‍ പകുതിയും ശീഈ വിഭാഗത്തിലെ ഹസാരക്കാരാണെന്നും പ്രവിശ്യാ അധികൃതര്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ പരുക്കേറ്റ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണെന്നും പ്രവിശ്യ മന്ത്രി സിയാ ലാങ്കോവ് വ്യക്തമാക്കി. ഉരുളക്കിഴങ്ങ് ചാക്കിനുള്ളില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നേരത്തെ ലഭ്യമായ വിവരമെങ്കിലും ചാവേര്‍ ആക്രമണമാണുണ്ടായതെന്ന് സ്ഥിരീകരണം ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളിയുടെ വേഷം ധരിച്ചാണ് ചാവേര്‍ എത്തിയത്. ചാവേറിന്റെ ശരീരഭാഗങ്ങള്‍ ചിതറിയ നിലയില്‍ മാര്‍ക്കറ്റില്‍ കണ്ടെത്തിയെന്ന് പൊലിസ് വക്താവ് ബഹ്‌റാം മണ്ടോകല്‍ പറഞ്ഞു.
ഹസാറ വിഭാഗം കൂടുതലായും എത്താറുള്ള മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായതെന്നും ഇവര്‍ക്ക് ആവശ്യമായ സുരക്ഷകള്‍ നല്‍കാറുണ്ടെന്നും ക്വറ്റ പൊലിസ് തലവന്‍ അബ്ദുല്‍ റസാഖ് ചീമ പറഞ്ഞു. മാര്‍ക്കറ്റില്‍ പൊലിസും സൈനികരും പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സൈനികനുമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. സ്‌ഫോടനമുണ്ടായ പ്രദേശത്ത് ആക്രമണ മുന്നറിയിപ്പുകളോ ഭീഷണികളോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ശീഈ വിഭാഗങ്ങള്‍ക്കെതിരേ പാകിസ്താനില്‍ മുന്‍പും നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 2013 മുതല്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മാത്രമായുണ്ടായ ആക്രമണങ്ങളില്‍ 509 ശീഇകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ക്വറ്റയില്‍ 6,00,000 ഹസാറകള്‍ താമസിക്കുന്നുണ്ട്. ഇവരുടെ പ്രദേശങ്ങളില്‍ പൊലിസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആക്രമണത്തിനെതിരേ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ഉടന്‍ അന്വേഷണം നടത്തണമെന്നും ജനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."