അമ്പലവയല്‍ ചെറുകനാല്‍ കര്‍ഷകര്‍ക്ക് ഉപകാരവുമില്ല; നാട്ടുകാര്‍ക്ക് ദുരിതവും
മാനന്തവാടി: ഉപയോഗശൂന്യമായ കനാലില്‍ വെള്ളം കെട്ടികിടക്കുന്നത് പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നു.
എടവക പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍പ്പെട്ട അമ്പലവയല്‍ ജങ്ഷനിലെ ചെറുകനാലിലാണ് വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നത്. പുഴയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് 25 വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റി ഇവിടെ വീടുകള്‍ക്ക് ഇടയിലൂടെ ചെറുകനാല്‍ നിര്‍മിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഇതിലൂടെ ഒരിക്കല്‍ പോലും വെള്ളം എത്തിക്കാനും കഴിയാത്തതിനാല്‍ കനാല്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഒരോ മഴക്കാലത്തും ഇതില്‍ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് ദുരിതമായി മാറിയിരിക്കുന്നത്. കൂനിന്‍മേല്‍ കുരു എന്ന പോലെ തൊഴിലുറപ്പ് പദ്ധതിയില്‍ വര്‍ഷാവര്‍ഷം തൊഴില്‍ ദിനങ്ങള്‍ തികയ്ക്കാനായി ചാലുകള്‍ വൃത്തിയാക്കുക കൂടി ചെയ്യുന്നതോടെ ദുരിതം ഇരട്ടിയായി മാറി.
കനാലിന് ഇരു ഭാഗത്തുമുള്ള ചെറുമരങ്ങളും ചെടികളുമെല്ലാം തൊഴിലുറപ്പില്‍ വെട്ടിമാറ്റിയതോടെ കനത്ത മഴയില്‍ ഇരു ഭാഗങ്ങളില്‍ നിന്നും മണ്ണ് ഇടിഞ്ഞ് വീഴുന്നത് സമീപത്തെ വീടിനും ഭീഷണിയായി. ചാലില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം പകര്‍ച്ച വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കൂടാതെ വെള്ളത്തിലുള്ള ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചിരിക്കുകയാണ്.
മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതുകുകള്‍ വളരുന്നത് തടയണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കനാലിലെ വെള്ളം ഒഴുക്കി വിടാന്‍ സംവിധാനം ഒരുക്കുകയോ, കനാല്‍ നികത്തുകയോ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രശ്‌ന പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റി മുതല്‍ നിരവധി പേര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സമീപത്തെ കുടുംബങ്ങള്‍ പറയുന്നു. ഒരു ഗുണവും ലഭിക്കാത്ത കനാലിപ്പോള്‍ സമീപത്തെ കുടുംബങ്ങളുടെ ജീവിതം ദുസഹമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."