HOME
DETAILS
MAL
കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സാ സൗകര്യം ഒരുക്കണം
backup
July 26 2020 | 03:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന കൊവിഡ് രോഗികള്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും വീടുകളില്‍ തന്നെ ചികിത്സാ സൗകര്യം ഒരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ദിനേന രോഗികളുടെ എണ്ണം ക്രമാധീതമായി കൂടുന്നതും നിലവിലുള്ള കൊവിഡ് ആശുപത്രികളിലെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെയും സ്ഥലപരിമിതിയും പുതുതായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ തുടങ്ങുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ടാകുമെന്നതും മുന്നില്‍ കണ്ടാണ് വീടുകളില്‍ ചികിത്സാ സൗകര്യം ഒരുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.
വീടുകളില്‍ ചികിത്സ ഒരുക്കിയാല്‍ അതിനായി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ നിയോഗിക്കുകയോ ടെലി മെഡിസിന്‍ വഴി ഇവരുടെ ആരോഗ്യ പരിശോധന നടത്തുകയോ ചെയ്യാമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. വീടുകളില്‍ ചികിത്സാ സൗകര്യം ഒരുക്കിയാല്‍ രോഗികള്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും വേഗം രോഗമുക്തരാകുമെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
രോഗം സ്ഥിരീകരിച്ചവരില്‍ 45 ശതമാനത്തിനും രോഗലക്ഷണങ്ങളില്ല. 30 ശതമാനം പേര്‍ക്കാകട്ടെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യമില്ല. ഇതു കണക്കിലെടുത്താണ് ലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിച്ചാല്‍ മതിയെന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്. വിദഗ്ധ സമിതിയും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ പോലും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്‌സിയ, വൈറല്‍ മയോകാര്‍ഡൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കുമ്പോള്‍ ഇവരെ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. പലയിടങ്ങളിലായി വീടുകളില്‍ കഴിയുന്നവരെ എല്ലാം നേരില്‍കണ്ട് പരിശോധിക്കുക എളുപ്പമുള്ള കാര്യമല്ല. ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കേണ്ടിയും വരും. ഇത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം, കൊവിഡ് കണ്ടെത്താന്‍ നടത്തുന്ന സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധന, ക്ലസ്റ്ററുകളില്‍ മാത്രമായി നടത്താതെ സാധാരണ പോലെ നടത്തണമെന്ന് ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഇതിലൂടെ രോഗബാധയുടെ കേന്ദ്രമായി രൂപപ്പെടുന്ന ക്ലസ്റ്ററുകള്‍ വേഗത്തില്‍ കണ്ടെത്താനാകുമെന്നും രോഗബാധിതരുടെ സമ്പര്‍ക്കത്തില്‍ വന്നവരില്‍ ലക്ഷണമുള്ളവരെ പരിശോധിക്കുന്നത് റാന്‍ഡം പരിശോധനയ്ക്ക് ശേഷം മതിയെന്നും സമിതി ശുപാര്‍ശയില്‍ പറയുന്നു. നിലവില്‍ പനിയുള്ളവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് എടുക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്തുവരുന്നത്. കേവലം പനിയെ മാത്രം ആശ്രയിക്കാതെയുള്ള പരിശോധനാ നടപടികള്‍ സ്വീകരിക്കണമെന്നാണ് സമിതി പറയുന്നത്. കൊവിഡ് ബാധിക്കുന്നവരില്‍ 24 ശതമാനം പേര്‍ക്കാണ് പനി ഉണ്ടാകുന്നത്. 29 ശതമാനം പേര്‍ക്ക് ചുമ, 11 ശതമാനം പേര്‍ക്ക് ശരീരവേദന, അഞ്ച് ശതമാനം പേര്‍ക്ക് വയറിളക്കം, ഒന്‍പത് ശതമാനം പേര്‍ക്ക് തലവേദന, 32 ശതമാനം പേര്‍ക്ക് തൊണ്ടവേദന, നാല് ശതമാനം പേര്‍ക്ക് ശ്വാസതടസം, രണ്ട് ശതമാനം പേര്‍ക്ക് ഛര്‍ദി എന്നിവ അനുഭവപ്പെടുന്നുണ്ട്.
ഇവയില്‍ പനി കൂടുതലുള്ള മേഖലകളിലെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് ആ മേഖലകളിലെ ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തുക. ഇതിനുപകരം ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഓരോ ആഴ്ചയിലും കൃത്യമായ ഇടവേളകളില്‍ ഈ ലക്ഷണങ്ങള്‍ പരിശോധിക്കണം. അങ്ങനെ മാത്രമേ രോഗവ്യാപനത്തിന്റെ തോത് അറിയാനാകൂവെന്നും സമിതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."