മുന്നോക്ക സമുദായ സംസ്ഥാന സമ്മേളനം കോട്ടയത്ത്
കോട്ടയം: മുന്നോക്ക സമുദായ ഐക്യമുന്നണി ഒന്നാം സംസ്ഥാന സമ്മേളനം കോട്ടയം കുമാരനല്ലൂരില്‍ നടക്കും. ഈ മാസം 30, മെയ് 1 തിയതികളില്‍ കുമാരനല്ലൂര്‍ ദേവിവിലാസം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം 30ന് ഉച്ചയ്ക്ക് 2ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ശ്രീശങ്കര ജയന്തി ദിനമായ 30ന് ജയന്തി ദിനാഘോഷവും നടക്കും. തുടര്‍ന്ന് 3.30ന് നേതൃത്വ പരിശീലന ക്ലാസ്, കലാപരിപാടികള്‍ എന്നിവയും നടക്കും. മെയ് 1ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
11.30ന് ചേരുന്ന വനിതാ സമ്മേളനം ലതിക സുഭാഷും, 1.30ന് നടക്കുന്ന സാമുദായിക സമ്മേളനം ഉമ്മന്‍ചാണ്ടിയും, 3.30ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും.
എം.എല്‍.എമാരായ കെ.എം മാണി, സുരേഷ് കുറുപ്പ്, പി.സി തോമസ്, ജോഷി ഫിലിപ്പ്, എന്‍. ഹരി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പി.ജി ശശികുമാരവര്‍മ്മ, സച്ചിദാനന്ദ നായിക്, കെ.ജെ ജോസ്മോന്, റ്റി.എം അരവിന്ദാക്ഷ കുറുപ്പ്, റ്റി.കെ സോമനാഥ വാര്യര്‍ പ്രസംഗിക്കും.
മുന്‍ നാട്ടുരാജാക്കന്മാരെയും തന്ത്രിമാരെയും വിശിഷ്ട വ്യക്തികളെയും സമ്മേളനത്തില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.എം അരവിന്ദാക്ഷ കുറുപ്പ്, പി.കെ സോമനാഥ വാര്യര്‍, വി.എസ് മണിക്കുട്ടന് നമ്പൂതിരി, കെ.എം നാരായണന് ഉണ്ണി, സുരേഷ് ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."