ദമ്പതികളുടെ ആത്മഹത്യ ; ഊമക്കത്തിന്റെ ഉറവിടം തേടി പോലീസ്
ചങ്ങനാശേരി: പോലീസ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സ്വര്‍ണരപ്പണിക്കാരനായ യുവാവും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിക്കാരനും സ്വര്‍ണപ്പണിശാല ഉടമയും നഗരസഭാ കൗണ്‍സിലറുമായ ഇ.എ. സജികുമാറിനെ കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പ്രകാശന്‍ പി. പടന്നയില്‍ ചോദ്യം ചെയ്തു.
പോലീസ് താന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വച്ച് മരണപ്പെട്ട സുനില്‍കുമാറിനെ ചോദ്യം ചെയ്തിട്ടേയുള്ളുവെന്നും മര്‍ദിച്ചില്ലെന്നുമാണ് സജികുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഏതാനും ദിവസം മുമ്പ് സജികുമാറിന് ലഭിച്ച ഊമക്കത്താണ് പരാതിക്ക് അടിസ്ഥാനമായത്. സ്വര്‍ണം മോഷണം പോകുന്നതായും ഈ സ്വര്‍ണം ഉപയോഗിച്ചുള്ള ഉരുപ്പടികള്‍ മറ്റു സ്വര്‍ണക്കടകളില്‍ വില്പന നടത്തുന്നതായും കാണിച്ചുള്ള ഊമക്കത്താണ് സജികുമാറിന് ലഭിച്ചത്.ഇതേത്തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെയും ഒപ്പം പണി ചെയ്ത രാജേഷിനെയും വിളിച്ച് വിവരം ചോദിച്ചു.
ഇതില്‍ നിന്നു സ്വര്‍ണം എടുത്തതായി ഇരുവരും സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചങ്ങനാശേരി പോലീസില്‍ 400 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി കാണിച്ച് സജികുമാര്‍ പരാതി നല്‍കിയത്.ഊമക്കത്ത് സംബന്ധിച്ച കാര്യങ്ങളാണ് ഇനി പോലീസ് അന്വേഷിക്കുന്നത്.
അതേ സമയം, സുനില്‍കുമാറിനെയും രാജേഷിനെയും പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ദിവസം ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍, വിവിധ ആവശ്യങ്ങള്‍ക്കെത്തിയവര്‍ എന്നിവരെ കാമറ ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."