സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സ്വയം നിയന്ത്രിക്കണം: സെബാസ്റ്റ്യന്‍ പോള്‍
ആലപ്പുഴ: സോഷ്യല്‍ മീഡിയയില്‍ വേണ്ടത് സര്‍ക്കാര്‍ നിയന്ത്രണമല്ലെന്നും ഉപയോഗിക്കുന്നവര്‍ ആത്മനിയന്ത്രണം പാലിച്ചാല്‍ മതിയെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍. കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തില്‍ ആലപ്പുഴയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ നല്‍കുന്ന പുത്തന്‍ വിനിമയ മാധ്യമങ്ങള്‍ സദുദ്ദേശ്യത്തോടെ ഉപയോഗിക്കുകയാണ് വേണ്ടത്. അതിന് എല്ലാവരെയും നവമാധ്യമ സാക്ഷരരാക്കാനാകണം. വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ സാധിക്കണം.
എന്നാല്‍ കമ്മ്യൂണിക്കേഷന്‍ ഹബ് രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉചിതമല്ലെന്ന് തന്നെയാണ് അഭിപ്രായം. സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ സംശയം ഉന്നയിച്ചു കഴിഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഭരണാധികാരികളുടെ ഇടപെടല്‍ ഒരിക്കലും ഗുണകരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷനായി. കൊടുങ്ങല്ലൂര്‍ നഗരസഭാ സെക്രട്ടറി ടി.കെ സുജിത്ത്, ആലപ്പുഴ പ്രസ് ക്ലബ്ബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, കൊല്ലം പോലീസ് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ എസ്. ശ്യാംകുമാര്‍, ആലപ്പുഴ നഗരസഭാ അംഗം എ. എം നൗഫല്‍, കെ.എസ്.ഇ.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍, പി.ഡി കലേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."