ഖജനാവ് നിറഞ്ഞാല്‍ പട്ടിണി മാറുമോ?
നിലവിലെ ധനമന്ത്രി തീരെ പോരാ. അദ്ദേഹത്തിന്റെ സാമ്പത്തികനയങ്ങള്‍ പലപ്പോഴും രാജ്യത്തിനു ദോഷകരമായിട്ടാണു ഭവിക്കുന്നത്. പ്രജകളില്‍ ബഹുഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്കു താഴെയാണിപ്പോഴും. മന്ത്രിയെ മാറ്റി തല്‍സ്ഥാനത്തു പുതിയൊരാളെ നിയമിക്കണം. അതിനു രാജാവ് കൈകൊണ്ട രീതി കൗതുകകരമായിരുന്നു.
പ്രജകളെ ക്ഷണിച്ചുവരുത്തിയിട്ട് രാജാവ് പ്രഖ്യാപിച്ചു: ''നിങ്ങളുടെ കൂട്ടത്തില്‍ മന്ത്രിസ്ഥാനം അലങ്കരിക്കാന്‍ താല്‍പര്യമുള്ളവരുണ്ടെങ്കില്‍ മുന്നോട്ടുവരണം. ആദ്യമൊരു പരീക്ഷയുണ്ടായിരിക്കും. അതില്‍ ഏറ്റം മികച്ച വിജയം കാഴ്ചവയ്ക്കുന്ന വ്യക്തിക്കായിരിക്കും സീറ്റ് ലഭിക്കുക.''
പ്രഖ്യാപനം കേട്ടയുടന്‍ കൂട്ടത്തില്‍നിന്നു പത്തുപേര്‍ മുന്നോട്ടു വന്നു. രാജാവ് അവരെ അഭിനന്ദിക്കുകയും ആയിരം സ്വര്‍ണനാണയങ്ങള്‍ ഓരോരുത്തരുടെയും കൈയിലേല്‍പിക്കുകയും ചെയ്തു. എന്നിട്ടു പറഞ്ഞു: ''ഈ സ്വര്‍ണനാണയങ്ങള്‍ നിങ്ങള്‍ക്കു സ്വന്തമാക്കാനല്ല ഞാന്‍ തന്നിരിക്കുന്നത്. മൂന്നു മാസത്തിനുശേഷം നിങ്ങള്‍ എന്റെ അടുക്കല്‍ വരണം. ഈ ഭീമമായ തുകയെല്ലാം നിങ്ങളെന്തു ചെയ്തുവെന്നാണ് ഞാന്‍ പരിശോധിക്കുക..''
തികച്ചും ലളിതമായ പരീക്ഷണം. മന്ത്രിസ്ഥാനം തനിക്കുതന്നെ എന്നുറപ്പിച്ച് ഓരോരുത്തരും തങ്ങളുടെ സങ്കേതത്തിലേക്കു മടങ്ങി. മൂന്നു മാസം കഴിഞ്ഞു. പത്തുപേരും രാജാവിന്റെ ദര്‍ബാറിലെത്തി. അതില്‍ ഒന്‍പതുപേരുടെയും വശം സ്വര്‍ണനാണയങ്ങളുടെ കൂമ്പാരം തന്നെയുണ്ടായിരുന്നു.
രാജാവ് ഓരോരുത്തരോടും നാണയങ്ങളെന്തു ചെയ്തുവെന്നു ചോദിച്ചപ്പോള്‍ ഒന്നാമന്‍ അഭിമാനത്തോടെ പറഞ്ഞു: ''പ്രഭോ, ഇതാ പതിനയ്യായിരം സ്വര്‍ണനാണയങ്ങള്‍. ആയിരത്തെ പതിനയ്യായിരമായി ഞാന്‍ വര്‍ധിപ്പിച്ചിരിക്കുന്നു..''
രണ്ടാമന്‍ വിട്ടുകൊടുത്തില്ല. അദ്ദേഹം പറഞ്ഞു: ''ഇതാ പതിനയ്യായിരമല്ല, പതിനാറായിരം..''
മൂന്നാമന്റെ കൈയിലുണ്ടായിരുന്നത് ഇരുപതിനായിരമായിരുന്നു. ഇരുപത്തിരണ്ടായിരം സ്വര്‍ണനാണയങ്ങളുമായിട്ടാണു നാലാമന്‍ വന്നിരിക്കുന്നത്. ഓരോരുത്തരും തങ്ങള്‍ ലാഭിച്ച നാണയങ്ങളുടെ മേന്മ പറയാന്‍ തുടങ്ങി. പക്ഷെ, രാജാവിന് അതൊന്നും പിടിച്ചില്ല. ഒന്‍പതു പേരുടെയും സാമ്പത്തിക വിനിയോഗം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പരാജയമായിരുന്നു.
കൂട്ടത്തില്‍നിന്നു മാറിനില്‍ക്കുന്ന പത്താമനോട് രാജാവ് ചോദിച്ചു: ''എവിടെ നിന്റെ പണം?''
ഈ ചോദ്യത്തിനു മുന്നില്‍ അയാള്‍ ഒന്നു പരുങ്ങി. കൂടെയുള്ളവര്‍ മൂലധനമുപയോഗിച്ചു വന്‍ ലാഭങ്ങളുണ്ടാക്കിക്കൊണ്ടുവന്നപ്പോള്‍ അയാളുടെ കൈയില്‍ ലാഭം പോയിട്ടു മൂലധനം പോലും ഉണ്ടായിരുന്നില്ല..
എന്തു പറയണമെന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോള്‍ വീണ്ടും രാജാവിന്റെ ചോദ്യം വന്നു: ''എവിടെ പണം.. കിട്ടിയ പണംകൊണ്ട് പുട്ടടിച്ചോ?''
''ഇല്ല, പ്രഭോ, ഞാനതില്‍നിന്ന് ഒരല്‍പം പോലും സ്വകാര്യമായ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ല..'' വിറയ്ക്കുന്ന അധരങ്ങളോടെ അയാള്‍ പറഞ്ഞു.
''പിന്നെ എന്തു ചെയ്തു?'' രാജാവ്.
''ഞാന്‍ അവിടുന്നു തന്ന നാണയങ്ങളുപയോഗിച്ചു വിശാലമായ ഒരു നെല്‍പാടം വാങ്ങുകയും അതില്‍ കൃഷി ചെയ്യാന്‍ അനേകം തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. നിലമുഴുതാന്‍ അവര്‍ക്കു കാലികളെ വേണമെന്നു പറഞ്ഞപ്പോള്‍ അതും വാങ്ങിക്കൊടുത്തു. ഇപ്പോള്‍ എന്റെ കൈയില്‍ അങ്ങ് തന്ന ഒരു നാണയം പോലുമില്ല. ചെലവാക്കി തീര്‍ന്ന ആ നാണയങ്ങള്‍ ലാഭസഹിതം തിരിച്ചുകിട്ടണമെങ്കില്‍ മൂന്നുമാസം മതിയാവില്ല. എന്തായാലും വിളവെടുപ്പിന്റെ കാലം കഴിഞ്ഞേ തീരുമാനമാകൂ..''
വിശദീകരണം കേട്ടപ്പോള്‍ രാജാവ് അദ്ദേഹത്തെ ഒന്നു സൂക്ഷിച്ചുനോക്കി. പിന്നെ താമസിച്ചില്ല. അവിടെവച്ചു തന്നെ അതു പ്രഖ്യാപിച്ചു:
''ഇനി മുതല്‍ എന്റെ ധനമന്ത്രി ഈ നില്‍ക്കുന്ന വ്യക്തിയാണ്..!''
അവിടെ കൂടിയവര്‍ മുഴുവന്‍ അന്തിച്ചുപോയി. രാജാവിന് എന്തു പറ്റി?! ലാഭം പോയിട്ടു മൂലധനം പോലും കൊണ്ടുവരാത്ത ഇയാളെ ധനമന്ത്രിയാക്കുകയോ? മൂന്നു മാസം കൊണ്ടു വന്‍ലാഭം കൊയ്‌തെടുത്ത തങ്ങള്‍ ഒന്നുമല്ലെന്നോ...?
ആളുകളുടെ മുറുമുറുപ്പും ഉള്ളിലുള്ള പ്രതിഷേധവും അവരുടെ മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാന്‍ കഴിഞ്ഞ രാജാവ് അവരോടു പറഞ്ഞു: ''പത്തുപേരില്‍ ഒന്‍പതാളുകളും മൂലധനംവച്ചു ലാഭമുണ്ടാക്കുകയാണു ചെയ്തത്. എന്നാല്‍ പത്താമന്‍ മൂലധനം മികച്ച രീതിയില്‍ വിനിയോഗിക്കുകയും അതുവഴി പലര്‍ക്കും ജീവിതമാര്‍ഗം സൃഷ്ടിക്കുകയും ചെയ്തു. രാജ്യത്തിനു കുന്നോളം സമ്പത്തുണ്ടാക്കിക്കൊടുക്കുന്ന വ്യക്തിയല്ല, രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും അല്ലലില്ലാതെ ജീവിക്കാന്‍ കഴിയുംവിധം ധനവിനിയോഗം നടത്താന്‍ കഴിയുന്ന വ്യക്തിയായിരിക്കണം ധനമന്ത്രി...!''
സമ്പത്തുണ്ടാക്കാനറിയലല്ല, ഉണ്ടാക്കിയ സമ്പത്ത് വിനിയോഗിക്കാനറിയലാണു കഴിവ്. സമ്പത്ത് ചെലവാക്കാനറിയാത്തവന്റെ കൈയില്‍ എത്ര സമ്പത്തുണ്ടായിട്ടും കാര്യമില്ല. ദിവസങ്ങള്‍കൊണ്ട് അതെല്ലാം ചോര്‍ന്നൊലിച്ചുപോകും. എന്നാല്‍ കൂടുതല്‍ സമ്പത്തില്ലെങ്കിലും ഉള്ളതു വേണ്ടരീതിയില്‍ ഉപയോഗിക്കാനറിയുമെങ്കില്‍ അയാള്‍ ഒരിക്കലും പാപ്പരാവില്ല. കൈയിലുള്ളത് പത്തുരൂപയാണെങ്കിലും നൂറുരൂപയുടെ മേനിയില്‍ അതുവച്ച് അയാള്‍ ജീവിക്കും.
പടിയിറങ്ങുമ്പോള്‍ ഖജനാവില്‍ കാര്യമായ ബാലന്‍സില്ലാത്ത സര്‍ക്കാരിനെ നാം വിമര്‍ശിക്കാറുണ്ട്. ഭീമമായ സംഖ്യ ബാക്കിവച്ചു സ്ഥാനമൊഴിയുന്ന സര്‍ക്കാരിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യും. സത്യത്തില്‍ നേര്‍വിപരീതമാണു സംഭവിക്കേണ്ടത്. ഖജനാവില്‍ ബാലന്‍സുണ്ടാവുക എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ ആ സംഖ്യ പ്രജകളുടെ ക്ഷേമത്തിനായി വിനിയോഗിച്ചില്ലെന്നല്ലേ അര്‍ഥം.
ഖജനാവില്‍ കൂടുതല്‍ ബാലന്‍സുണ്ടാക്കുകയല്ല ഒരു ധനമന്ത്രിയുടെ ദൗത്യം. ഉള്ളതു മുഴുവന്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി വിനിയോഗിക്കുകയാണു വേണ്ടത്. ഖജനാവ് നിറഞ്ഞതുകൊണ്ടു രാജ്യം പുരോഗതി പ്രാപിക്കില്ല. ബാലന്‍സില്ലാതെ മരിക്കുന്ന വ്യക്തിക്കാണു കോടികള്‍ ബാക്കിവച്ചു മരിക്കുന്നവനെക്കാള്‍ ജീവിതം ലാഭമായതെന്നോര്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."