കോടമഞ്ഞിലലിഞ്ഞ് ഇടുക്കി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലയേതെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ പറയാം ഇടുക്കിയെന്ന്. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. എക്കാലത്തും ഒരുപോലെ യാത്രികനെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഇടുക്കി എന്ന മലയോരദേശം. ഇവിടുത്തെ ഓരോ പ്രദേശങ്ങളും ഒന്നിനൊന്നു മികച്ചതാണ്.
മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍വ്യൂ പാര്‍ക്ക്, ആര്‍ച്ചഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ അങ്ങനെ നീണ്ടുപോകുന്നു ഇടുക്കിയിലെ നയനമനോഹര കാഴ്ചകള്‍ പകരുന്ന ഇടങ്ങള്‍. മനസിനെ കോരിത്തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹാരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ ഓരോരുത്തര്‍ക്കും ഒത്തിരി ഇഷ്ടപ്പെട്ട യാത്രകളില്‍ ഒന്ന് അത് ഇടുക്കിയാത്രയായിരിക്കുമെന്നു തീര്‍ച്ചയാണ്. ഒരുപാടു വിശേഷങ്ങള്‍ കാണാനും പറയാനും കണ്ടുതീര്‍ക്കാനുമുള്ള ഇടുക്കിയിലേക്ക് യാത്രയെ സ്‌നേഹിക്കുന്നവര്‍ ഒരു തവണയെങ്കിലും പോയിരിക്കണം.
ഏറെകാലമായി കാണാന്‍ കൊതിച്ച ഇടുക്കി ഡാമിലെത്താന്‍ കഴിയില്ലെന്നായിരുന്നു അങ്ങോട്ടു പുറപ്പെടുന്നതിന്റെ തലേദിവസം വരെ കരുതിയത്. വൈകിട്ട് ഒരു പ്രാവശ്യംകൂടി ഇടുക്കി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ടോം തോമസ് സാറിനു വിളിച്ചപ്പോള്‍ നാളെ ടിക്കറ്റ് കൊടുക്കുന്നുണ്ടെന്നും വരണമെന്നും പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ഞങ്ങള്‍ എട്ടംഗ സംഘം ഇന്നോവയില്‍ രാവിലെ ഏഴു മണിയോടെ തന്നെ ഇടുക്കിയിലേക്കു യാത്ര തിരിച്ചു. കൃത്യമായ പ്ലാനിങ്ങില്‍ തന്നെയായിരുന്നു യാത്ര തുടങ്ങിയത്. നല്ല തണുപ്പായതു കൊണ്ടുതന്നെ ഇടവേളകളില്‍ കട്ടന്‍ചായയും ചെറുകടിയും കഴിച്ചു യാത്ര തുടര്‍ന്നു. എട്ടുപേരും നല്ല കൂട്ടായതു കൊണ്ടുതന്നെ പരാതിയോ അനിഷ്ടങ്ങളോ ഇല്ല. കളിച്ചും ചിരിച്ചും സൊറ പറഞ്ഞും ഉച്ചയ്ക്കു രണ്ടു മണിയോടെ ഡാമിനടുത്തെത്തി.
ഇടുക്കി ഡാം
മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി ഡാം. ഡാമിനപ്പുറത്ത് കുളമാവ്, ചെറുതോണി ഡാമുകള്‍ കൂടിയുണ്ട്. ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യം വന്നാല്‍ തുറക്കുക. ഓണത്തിനും ക്രിസ്മസിനും മാത്രമേ പൊതുജനങ്ങള്‍ക്ക് ഡാമിലേക്ക് പ്രവേശനമുള്ളൂ. അല്ലെങ്കില്‍ തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അനുമതി വേണം.
ചെറിയ മഴയുണ്ടായതു കൊണ്ടു തന്നെ എല്ലാവരും ഡാം കാണാനായി ഇറങ്ങി. ഒന്നര മണിക്കൂറിലേറെ അവിടെ ചെലവഴിച്ചു. പക്ഷെ ഒറ്റ കാര്യത്തിലേ സങ്കടമുണ്ടായുള്ളൂ. ഡാമിനകത്തേക്കു പ്രവേശിക്കുമ്പോള്‍ കാമറ വാങ്ങിവച്ചു. അതുകൊണ്ടു തന്നെ അവിടെ കണ്ട മനോഹരകാഴ്ചകളൊന്നും കാമറയില്‍ പകര്‍ത്താനായില്ല. ഡാമിനുള്ളിലേക്കു കടന്നതോടെ കാമറ കൈയിലില്ലാത്തതിന്റെ സങ്കടം ഇരട്ടിയായി. അതിശയിപ്പിക്കുന്ന കാഴ്ച തന്നെ. ദൂരെനിന്നു നോക്കുമ്പോള്‍ ഒരു വില്ലു പോലെ വളഞ്ഞു നൂല്‍പാലം പോലെ തോന്നിക്കുന്ന ഡാം. ഒരു ഭാഗത്ത് അഗാധ ഗര്‍ത്തം. മറുഭാഗത്തു മലനിരകള്‍ക്കിടയില്‍ നോക്കെത്താദൂരത്ത് ഓളങ്ങളില്ലാതെ കെട്ടിനില്‍ക്കുന്ന ജലാശയം. ഇരുകരകളിലായി കുറവന്‍ മലയും കുറത്തി മലയും. ഗംഭീരമെന്ന് ഒറ്റവാക്കില്‍ പറയാം.
സ്വദേശികളും വിദേശികളുമടങ്ങുന്ന ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്നുപോകുന്നു. വലിപ്പത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ടു കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്കു കുറുകെയായ് മനോഹരമായി രൂപകല്‍പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. ഏകദേശം നാലു മണി കഴിഞ്ഞപ്പോഴേക്ക് ഡാമില്‍നിന്നു പുറത്തേക്കെത്തി.
ഹില്‍വ്യൂ പാര്‍ക്കിലേക്ക്
ആറു മണിയോടെ ഞങ്ങള്‍ ഹില്‍വ്യൂ പാക്കിലേക്കെത്തി. ഇടുക്കി ഡാമില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍വ്യൂ പാര്‍ക്ക്. മനോഹരമായി സജ്ജീകരിച്ച ഈ ഉദ്യാനം എട്ട് ഏക്കറുകളിലായാണു പരന്നുകിടക്കുന്നത്. മനോഹാരിതയ്ക്കു മോടി കൂട്ടാന്‍ പ്രകൃതിദത്തമായ ഒരു തടാകവും ഇതിനകത്തുണ്ട്.
ഹില്‍വ്യൂ പാര്‍ക്ക് എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ പരിസ്ഥിതിയുടെ മനോഹരമായ പുറംകാഴ്ച ഇവിടെനിന്നു സന്ദര്‍ശകര്‍ക്കു കിട്ടുമെന്നുറപ്പാണ്. മാനുകളും കാട്ടുപോത്തുകളും ആനകളും അവയുടെ സ്വാഭാവിക താവളങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നതു കൗതുകകരമായ കാഴ്ചയാണ്. ഔഷധസസ്യങ്ങളുടെ ഒരു തോട്ടവും കുട്ടികളുടെ ആനന്ദവേള ഉല്ലാസപ്രദമാക്കാനുള്ള കളിസ്ഥലങ്ങളും ഇവിടെയുണ്ട്.
ഇടുക്കി ആര്‍ച്ച് ഡാമിനും ചെറുതോണി ഡാമിനും അടുത്തായിട്ടാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡാമിലെ ജലനിരപ്പിന്റെ 350 അടി ഉയരത്തിലാണിത്. ഹില്‍വ്യൂ പാര്‍ക്ക് സന്ദര്‍ശിക്കാതെ ഇടുക്കി സന്ദര്‍ശനം പൂര്‍ണമാവില്ല എന്നു തന്നെ പറയാം. നല്ല കാമറ കൊണ്ടുപോവാനും മറക്കരുത്. മനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കണമെങ്കില്‍ കാമറ നിര്‍ബന്ധമാണ്.
ഞങ്ങളവിടെ എത്തുമ്പോള്‍ നല്ല കുളിര്‍മയുള്ള കാറ്റും ചെറിയ ചാറ്റല്‍മഴയും ഉണ്ടായിരുന്നു. ഏഴരയോടെ അവിടെനിന്നു തിരിച്ചു. പിന്നെ നേരെ താമസസ്ഥലമായ ഇടുക്കി പി.ഡബ്യൂ.ഡി റെസ്റ്റ് ഹൗസിലേക്ക്. മനോഹരമായ രണ്ടു മുറികള്‍. രാത്രി ഒന്‍പതു മണിയോടെ കെ.എസ്.ഇ.ബി കാന്റീനില്‍നിന്നു നല്ല ഡാം മീനും ചപ്പാത്തിയും കഴിച്ചു. പിന്നെ അല്‍പനേരം സൊറ പറച്ചില്‍... ഉറക്കത്തിലേക്ക്...
രാമക്കല്‍മേട്
പിറ്റേന്നു രാവിലെ ഏഴു മണിക്കു തന്നെ എണീറ്റു. രാമക്കല്‍മേട്, വാഗമണ്‍, പൈന്‍വാലി, മൊട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങള്‍ കാണണമെന്നായിരുന്നു ആദ്യം തന്നെ തയാറാക്കിയ പ്ലാന്‍. ആദ്യം രാമക്കല്‍മേടിലേക്കു യാത്ര തിരിച്ചു. ഇടുക്കി ഡാമില്‍നിന്ന് ഏകദേശം 43 കിലോ മീറ്റര്‍ സഞ്ചരിച്ചു ഞങ്ങള്‍ രാമക്കല്‍മേടിലെത്തി. രാമക്കല്‍ മേടിലെ മനോഹരകാഴ്ചകള്‍ കണ്ടു തിരികെ വരാന്‍ തോന്നില്ല.
അത്രയും ഭംഗിയുള്ള സ്ഥലം. ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദ സഞ്ചാരകേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യമുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റെയും കുറത്തിയുടെയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. 'രാമന്‍ കാല്‍വച്ച ഇടം' എന്നതാണ് രാമക്കല്‍മേട് ആയി രൂപാന്തരപ്പെട്ടത്. പ്രായമായവര്‍ രാമക്കല്‍മേടിന്റെ ഉയരങ്ങളിലേക്കു കയറിപ്പോവരുത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തിപ്പോകേണ്ട സ്ഥലം കൂടിയാണിവിടം.
സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട് പശ്ചിമഘട്ട മലനിരകളിലാണു നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍നിന്നുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്. പച്ചപുതച്ച പര്‍വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്‌വാരങ്ങളും സഞ്ചാരികളുടെ മനം കവരുമെന്നുറപ്പ്. ഏതു കാലാവസ്ഥയിലും കാറ്റിന്റെ സാന്നിധ്യമുള്ളതു കൊണ്ട് കാറ്റില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ഒരു ഫാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കനത്ത കാറ്റേല്‍ക്കുന്ന സ്ഥലമായതു കൊണ്ടുതന്നെ മുകളിലേക്കു കയറുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
നമുക്കറിയുന്ന വാക്ക് വര്‍ണനകളില്‍ ഒതുങ്ങുന്നതല്ല രാമക്കല്‍മേട് എന്നതാണു വാസ്തവം. അതിശക്തമായ കാറ്റുണ്ടെങ്കിലും തിരികെവരാന്‍ അല്‍പം മടി തോന്നിപ്പോകും. സ്വയം കണ്ടു തന്നെ അനുഭവിക്കണമിത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചാണു ഞങ്ങള്‍ മടങ്ങിയത്.
വാഗമണ്‍ മൊട്ടക്കുന്ന് വഴി പൈന്‍വാലിയിലേക്ക്
മൊട്ടക്കുന്നിലേക്ക് എത്തുമ്പോള്‍ സമയം നാലു മണി. ടൂറിസം മാപ്പില്‍ ഇടംനേടിയ വാഗമണ്‍ മൊട്ടക്കുന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്. കോടമഞ്ഞു പുതച്ച പ്രദേശം. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ കാഴ്ച കാണാനെത്തിയ വിനോദസഞ്ചാരികളുടെ നല്ല തിരക്ക് തന്നെ അനുഭവപ്പെട്ടു. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുമുള്ള നൂറുകണക്കിനു വിനോദസഞ്ചാരികള്‍ മിക്ക ആഘോഷവേളകളിലും വാഗമണ്ണിലെത്താറുണ്ട്. മിക്ക ടൂറിസ്റ്റുകളും വാഗമണ്ണില്‍ ഒരു ദിവസം തങ്ങിയതിനുശേഷമാണു തിരികെപോകാറ്.
സിനിമകളുടെ ഇഷ്ടപ്പെട്ട ലെക്കേഷന്‍ കൂടിയാണ് വാഗമണ്‍. അടുത്ത കാലത്ത് ഇറങ്ങിയ 'ഇയ്യോബിന്റെ പുസ്തകം', 'ഓര്‍ഡിനറി', 'ദൈവദൂതന്‍' തുടങ്ങിയ മലയാള ചിത്രങ്ങളുടെയെല്ലാം ഷൂട്ടിങ് ലൊക്കേഷനായിരുന്നു ഇവിടം. വാഗമണ്ണിലെ മലനിരകളും മൊട്ടക്കുന്നുകളും പൈന്‍മരത്തോട്ടങ്ങളും പൈന്‍വാലി വെള്ളച്ചാട്ടവും കുരിശുമല ആശ്രമവും സൂയിസൈഡ് പോയിന്റുമൊക്കെയാണു സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം.
ചെറിയ മഴയുണ്ടെങ്കിലും ചിലര്‍ നിര്‍ബന്ധം പിടിച്ചതു കൊണ്ട് കാഴ്ച കാണാന്‍ എല്ലാവരും പുറത്തിറങ്ങി. ഏറ്റവും വേഗത്തില്‍ ഇടിമിന്നലേല്‍ക്കുന്ന അപകടമേഖലയാണ് ഈ പ്രദേശം. മുന്‍പും പല അപകടങ്ങളും ഉണ്ടായതു കൊണ്ട് ഇപ്പോള്‍ നല്ല സുരക്ഷയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാന്‍ നല്ല ഭംഗിയുള്ള സ്ഥലം തന്നെയാണ്. പക്ഷേ ശക്തമായ മഴകാരണം പെട്ടെന്നു തന്നെ തിരികെ പോരേണ്ടി വന്നു. സഞ്ചാരികള്‍ക്കായി നിരവധി റെയ്ഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
അരമണിക്കൂറോളം അവിടെ ചെലവഴിച്ച് നേരെ പൈന്‍വാലിയിലേക്കു തിരിച്ചു. പ്രകൃതിരമണീയമാണ് പൈന്‍വാലി. സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്നയിടം. ഇവിടത്തെ ഫോട്ടോകള്‍ക്ക് ഒന്നുകൂടെ ആകര്‍ഷണീയത കൂടുമെന്നു സഹയാത്രികരില്‍ പലരും പറഞ്ഞു. എല്ലാവരും ഫോട്ടോയെടുക്കുന്ന തിരക്കില്‍...
പ്രകൃതി ദൃശ്യവിസ്മയങ്ങളുടെ കലവറ തന്നെയാണ് ഇടുക്കി. വാക്കുകളിലെ വര്‍ണനകളില്‍ ഒതുങ്ങുന്നതല്ല ഇടുക്കിയിലെ കാഴ്ചകള്‍. ഇടുക്കിക്കാഴ്ചകള്‍ കാണാന്‍ ഇനിയുമെത്ര ബാക്കി കിടക്കുന്നു! ഒന്നുകൂടെ പോകണം, അനുഭവിക്കണമെന്നു മനസില്‍ ഉറപ്പിച്ചായിരുന്നു ഞങ്ങള്‍ തിരികെ വീടഞ്ഞത്.
സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ താമസിക്കാം
ഇടുക്കി ഡാമിനടുത്ത് സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളുണ്ട്. പ്രത്യേക അനുമതിയോടുകൂടി ഇവിടെ യാത്രക്കാര്‍ക്കു വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാം. പി.ഡബ്ല്യു.ഡിയുടെയും കെ.എസ്.ബിയുടെയും റെസ്റ്റ് ഹൗസുകളാണ് ഇവിടെയുള്ളത്. പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ താമസിക്കുകയാണെങ്കില്‍ ഭക്ഷണം കൂടെ ലഭിക്കും. അതും കുറഞ്ഞചെലവില്‍ തന്നെ. ഹില്‍വ്യൂ പാര്‍ക്കിനടുത്താണ് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."