വിവാഹ മരണാനന്തര ചടങ്ങുകളില്‍ ഇനി പങ്കെടുക്കാനാവുക ഇരുപതു പേര്‍ക്കുമാത്രം
തിരുവനന്തപുരം: വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും ഇനി പങ്കെടുക്കാനാവുക ഇരുപതു പേര്‍ക്കുമാത്രം. എണ്ണം കര്‍ശനമായി കുറയ്ക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരുപതിലധികം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. വാര്‍ഡ് ആര്‍.ആര്‍.ടികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം, മരണം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുകയുള്ളൂ.
ചെക്യാട് പഞ്ചായത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മുപ്പതിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം കര്‍ക്കശമാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 98 പേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതില്‍ 43 പേര്‍ കൂടി പോസിറ്റീവായി. പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിനു ശേഷം അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ രണ്ട് വിവാഹ ചടങ്ങുകള്‍ കൂടി നടക്കുകയും നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്തതാണ് വ്യാപനം കൂടാന്‍ ഇടയാക്കിയത്. ഈ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരോടും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."