മുഖ്യമന്ത്രിയുടെ വകുപ്പുകളിലെ അഴിമതികളില്‍ ഗൗരവ അന്വേഷണം വേണം: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ നടക്കുന്ന അഴിമതികളില്‍ ഗൗരവതരമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്.
ആലിബാബയും 41 കള്ളന്മാരും എന്ന സ്ഥിതിയാണ്.
ഇടതു മുന്നണി യോഗം പോലും ചേരാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെതിരേ യു.ഡി.എഫ് നടത്തുന്ന സ്പീക്ക് അപ്പ് കേരള സമരത്തിന്റെ ആദ്യഘട്ടം ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. എം.പി, എം.എല്‍.എ, ഡി.സി.സി പ്രസിഡന്റുമാര്‍, യു.ഡി.എഫ് ജില്ലാ ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ എന്നിവര്‍ മൂന്നിന് അവരുടെ വീടുകളിലും ഓഫിസുകളിലും സത്യഗ്രഹമിരിക്കും.
ഓഗസ്റ്റ് പത്തിന് സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും മെമ്പര്‍മാര്‍ ഇല്ലാത്തിടത്ത് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് നേതാക്കളും സത്യഗ്രഹമിരിക്കും.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയില്‍ പൊതുജനാഭിപ്രായം ശക്തിപ്പെടുത്തുന്നതിനുമായാണ് സമരമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."