കരിപ്പൂരില്‍ ഒന്നേകാല്‍ കോടിയുടെ വിദേശ കറന്‍സിയുമായി രണ്ടുപേര്‍ പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയുടെ വിദേശ കറന്‍സിയുമായി രണ്ടു യാത്രക്കാര്‍ പിടിയിലായി. കാസര്‍കോട് ബൈവെള്ളി സ്വദേശി അസ്കര്‍ അലി(20), കൊടുവള്ളി സ്വദേശി മുഹമ്മദ് ഹാരിസ്(28) എന്നിവരെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും, കേന്ദ്ര സുരക്ഷാ സേനയും ചേര്‍ന്ന് പിടികൂടിയത്.
ബുധനാഴ്ച രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു അസ്കര്‍ അലി. ഇയാളുടെ ബാഗേജില്‍നിന്ന് 1,17,25000 രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്. വാക്വം ഫ്ളാസ്ക്കിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് ഇയാള്‍ പണം ഒളിപ്പിച്ചിരുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ഇയാളെ കസ്റ്റംസ് വിഭാഗം പുറത്തിറക്കി ബാഗേജ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.20ന് ഇന്‍ഡിഗോ എയര്‍വെയ്സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് മുഹമ്മദ് ഹാരിസ് എത്തിയത്. പരിശോധനക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് വിഭാഗം കസ്റ്റംസ് വിഭാഗത്തിന് ഇയാളുടെ ബാഗേജ് കൈമാറുകയായിരുന്നു. പരിശോധനയില്‍ 10,3600 രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."