മഴയും കാറ്റും: വീടുകള്‍ തകര്‍ന്നു; വന്‍ കൃഷിനാശം
ഇരിട്ടി: മഴയും കാറ്റും ഇരിട്ടി മേഖലയില്‍ കനത്ത നാശം വിതച്ചു. മേഖലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ഇരിട്ടി നേരംപോക്കിലെ കാലൂന്നത്ത് പുതിയ പുരയില്‍ ഗൗരിയുടെ വീടാണ് മരം വീണ് തകര്‍ന്നത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഗൗരിയും മക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇരിട്ടിയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. കോളിക്കടവിലെ പുതുശ്ശേരി സരോജിനിയുടെ വീട് മരം വീണ് തകര്‍ന്നു. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. വീട്ടുകാര്‍ ഇറങ്ങി ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുയിലൂരിലെ കണ്ടോത്ത് മാധവിയമ്മയുടെ വീടും മരം വീണ് ഭാഗികമായി തകര്‍ന്നു. കുയിലൂര്‍ പഴശ്ശി പ്രൊജക്ട് റോഡില്‍ മരം വീണ് വാഹന ഗതാഗതം തടസപ്പെട്ടു. കുയിലൂരിലെ ആര്‍. വേണു, എം.വി സുകേഷ് എന്നിവരുടെ 200ഓളം നേന്ത്രവാഴ കാറ്റില്‍ നിലംപൊത്തി.
നിടിയോടില്‍ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കല്ലുമുട്ടിയില്‍ റോഡരികിലെ കൂറ്റന്‍ മരം കടപുഴകി വീണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. 20 മണിക്കൂറിലധികം വൈദ്യുതി നിലച്ചത് ഇരിട്ടി ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ ഏറെ പ്രയാസമുണ്ടാക്കി.
തലശ്ശേരി: ഇന്നലെ രാത്രി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച കനത്ത കാറ്റില്‍ സഹകരണ ആശുപത്രിയുടെ ആറാം നിലയിലെ സ്‌പെഷല്‍ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച അലുമിനിയം ഷീറ്റ് പൂര്‍ണമായും പറന്നുപോയി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശക്തമായ കാറ്റടിച്ചത്. ആമുക്ക പള്ളി പരിസരത്തെ കെട്ടിടം തകര്‍ന്നു. വ്യാപകമായി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. പല സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."