HOME
DETAILS

ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച

  
backup
April 28 2017 | 01:04 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d

ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ചോരുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കേരളത്തിലെ സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങളും ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങളും ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ്. ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് ഐ.ടി വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റിലെ ഉള്ളടക്കം ഉടന്‍ പരിശോധിച്ച് അതില്‍ പൗരന്മാരുടെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഐ.ടി സെക്രട്ടറി അരുണ സുന്ദരരാജന്‍ എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത് ചോര്‍ച്ച ഗൗരവതരമായിരിക്കുന്നു എന്നത് തന്നെയാണ്.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ പ്രതിലോമ ശക്തികളുടെ കൈയില്‍ കിട്ടുമെന്ന് യു.പി.എ സര്‍ക്കാര്‍ ആധാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ തന്നെ പല മേഖലകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതാണ്. ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ് പട്ടുസ്വാമി ഉള്‍പ്പെടെ പതിമൂന്ന് പേര്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് 2015 ആഗസ്റ്റ് പതിനൊന്നിന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു യു.പി.എ സര്‍ക്കാര്‍ ആദ്യമായി രാജ്യത്ത് ആധാര്‍ പദ്ധതി നടപ്പിലാക്കിയത്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ നിയന്ത്രണത്തിലുള്ള അമേരിക്കന്‍ ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ എല്‍വണ്‍ ഐഡന്റിറ്റി സൊലൂഷന്‍സ് എന്ന കോര്‍പ്പറേറ്റ് കമ്പനിയാണ് ഇന്ത്യയില്‍ ആധാര്‍ പദ്ധതി നടപ്പിലാക്കിയത്. 'അമേരിക്കന്‍ ചാരപദ്ധതിയും കോര്‍പ്പറേറ്റ് അഴിമതിയും' എന്ന ഗ്രന്ഥത്തില്‍ ഈ വസ്തുത ഗ്രന്ഥകര്‍ത്താവ് പി.പി സത്യന്‍ സമര്‍ത്ഥിക്കുന്നുണ്ട്. ആധാര്‍ പദ്ധതിയെ എതിര്‍ത്ത ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ സുപ്രിംകോടതി വിലക്ക് വകവയ്ക്കാതെ വ്യാപകമായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയായിരുന്നു. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന സുപ്രിംകോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട ് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ ഹരജിയും സുപ്രിംകോടതി തള്ളിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് പൗരന്റെ മൗലികാവകാശത്തില്‍ കടന്ന് കയറും വിധം എല്ലാ മേഖലകളിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ 2016 ല്‍ ബില്‍ കൊണ്ടുവരികയും ലോക്‌സഭ അത് പാസാക്കുകയും ചെയ്തു. ആധാര്‍ നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട ് ബി.ജെ.പി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് 2015 ല്‍ കൈമാറിയത് തന്നെ പൗരന്റെ സ്വകാര്യതയെ ഈ പദ്ധതി എത്രമാത്രം ഹനിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നായിരുന്നു. പൗരന്റെ സ്വകാര്യതയെ സംബന്ധിച്ച് ആധാര്‍ നിയമത്തില്‍ കാര്യമായിട്ടൊന്നും പറയുന്നില്ല എന്നത് ദുരൂഹം തന്നെ.
ആധാര്‍ പദ്ധതിയെ ഒരു ക്ഷേമനിയമമായി കാണുന്ന കേന്ദ്രസര്‍ക്കാര്‍ പൗരന്റെ സ്വകാര്യതയെ പൗരാവകാശമായി കാണുന്നില്ല. ഐക്യരാഷ്ട്ര സംഘടന പൗരന്റെ സ്വകാര്യതയും മനുഷ്യാവകാശമാണെന്ന് വിവക്ഷിക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയില്‍ ആധാര്‍ വിവരങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്നും ആധാര്‍ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നതും ഇനിയും ഉണ്ടായേക്കാവുന്ന നിയമസംവാദങ്ങളില്‍ നിന്നും ഉരുത്തിരിയേണ്ടതുണ്ട്. ഒരു പൗരന്റെ ഫോട്ടോ, വിരലടയാളം, കണ്ണിലെ കൃഷ്ണമണി അടയാളം എന്നിവ അതി പ്രാധാന്യമുള്ളതാണ്. ജീവശാസ്ത്രപരമായ ഈ തെളിവുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിക്കാനുള്ള ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് ബയോമെട്രിക് വിവരശേഖരണത്തിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. ആധാര്‍ നിയമം ഭരണഘടനാ വിരുദ്ധമാണ്. പാചകവാതക വിതരണം , റേഷന്‍ സമ്പ്രദായം എന്നിവക്ക് മാത്രമേ ആധാര്‍കാര്‍ഡ് ഉപയോഗിക്കാവൂ എന്ന സുപ്രിംകോടതി വിധി കാറ്റില്‍പറത്തി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മുഴുവന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത് വഴി അതിന്റെ ചോര്‍ച്ചയാണിപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."