കുരുന്നുഭീതി
സ്‌കൂളില്‍ പഠനാന്തരീക്ഷവും അധ്യയനവും ഭൗതികസാഹചര്യങ്ങളും മികച്ച രീതിയിലാണെങ്കിലും സ്‌കൂളുകളിലേക്കുള്ള യാത്രകള്‍ ഇപ്പോഴും വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നതാണ്. പലവിധ പ്രശ്‌നങ്ങളെ നേരിട്ടാണ് ഓരോ വിദ്യാര്‍ഥിയും സ്‌കൂളിലെത്തുന്നത്. ചെറിയ പ്രശ്‌നങ്ങളാണ് അതൊക്കെയെന്നു തോന്നുമെങ്കിലും പിഞ്ചുകുരുന്നുകളെ സംബന്ധിച്ച് ഓരോ പ്രശ്‌നവും വളരെ വലുതു തന്നെയാണ്. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറച്ചുപോലും പഠനം ആസ്വാദകരമാക്കിയ അധികൃതര്‍ പക്ഷെ സ്‌കൂള്‍ വഴികളിലെ ദുരിതം തീര്‍ക്കാന്‍ ഒരു നടപടിയും കൈക്കൊള്ളുന്നത് കാണുന്നില്ല
കുത്തിനിറച്ച വാഹനങ്ങള്‍
10ല്‍ താഴെ പേര്‍ മാത്രം കയറേണ്ട വാഹനങ്ങളില്‍ പോലും കുത്തിനിറച്ചാണ് വിദ്യാര്‍ഥികളെ കൊണ്ടു പോകുന്നത്. ഞെങ്ങിഞെരുങ്ങിയുള്ള ഈ യാത്രകള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നത് ശാരീരിക, മാനസിക പ്രശ്‌നങ്ങളാണ്. അതുമല്ല, ഇത്തരം യാത്രകള്‍ കുട്ടികളെ കൊണ്ടെത്തിക്കുന്നതും വലിയ അപകടത്തിലേക്കാണ്. ഇക്കുറി സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരേ ഒരു നടപടിയും എടുത്തിട്ടില്ല.
തെരുവുനായകള്‍
തെരുവുനായകളും മറ്റും ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ഈയിടെ ജില്ലയില്‍ നിരവധി വിദ്യാര്‍ഥികളാണ് തെരുവുനായയുടെയും കീരിയുടെയും അക്രമത്തിന് ഇരയായത്. വീട്ടില്‍നിന്നു സ്‌കൂള്‍ വരെ നടന്നുപോവുന്ന വിദ്യാര്‍ഥികളാണ് തെരുവുനായകളുടെയടക്കം അക്രമണത്തിന് ഇരയാകുന്നത്. ഇവയെ നിയന്ത്രിക്കാന്‍ തദ്ദേശസ്വയംഭരണ ഭരണാധികാരികള്‍ ശ്രദ്ധപതിപ്പിക്കേണ്ടിയിരിക്കുന്നു.
വെള്ളക്കെട്ടുകള്‍
സ്‌കൂളിലേക്കുള്ള വഴികളിലെ വെള്ളക്കെട്ടുകള്‍ പലപ്പോഴും വിദ്യാര്‍ഥികളെ പ്രലോഭിപ്പിക്കും. നീന്തല്‍ അറിയാത്ത കുട്ടികള്‍ പോലും വെള്ളക്കെട്ടിലിറങ്ങി അപകടം ക്ഷണിച്ചു വരുത്തുന്നത് പതിവാണ്. ഇത്തരം വെള്ളക്കെട്ടുകള്‍ക്കു ചുറ്റുമതില്‍ സ്ഥാപിക്കുകയോ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ കുറെയേറെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. പുഴകളും തോടുകളും തോണികളിലും മരപ്പാലങ്ങളും കടന്നു യാത്ര ചെയ്യുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ഒരു വിലയും സര്‍ക്കാര്‍ കണക്കാക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
ചീറിപായുന്ന വാഹനങ്ങള്‍
സ്‌കൂള്‍ വഴികളിലൂടെ ചീറിപായുന്ന വാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാക്കുന്ന ഭീഷണി വളരെ വലുതാണ്. സ്‌കൂള്‍ പരിസരത്ത് വേഗത കുറക്കുന്ന വാഹനങ്ങള്‍ പക്ഷെ, സ്‌കൂളിലേക്കുള്ള റോഡുകളിലൂടെ ചീറിപായുന്ന കാഴ്ചയാണെങ്ങും. സ്‌കൂള്‍ റോഡുകളില്‍ വേഗത കുറക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യമാണ്.
ലഹരി വഴികള്‍
സ്‌കൂളുകളിലേക്കുള്ള വഴിയില്‍ ലഹരി നിറച്ച കടകളും സ്ഥാപനങ്ങളും നിരവധിയാണ്. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശനവും നിരന്തരവുമായ പരിശോധനകളാണ് വേണ്ടത്. എന്നാല്‍ അത്തരമൊരു നീക്കം അധികൃതര്‍ നടത്തുന്നത് വല്ലപ്പോഴുമാണ്.
ഭിക്ഷാടകര്‍
കുഞ്ഞുമനസുകളെ വല്ലാതെ ഭയപ്പെടുത്തുന്നവരാണ് ഭിക്ഷാടകര്‍. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഭീതിജനകമായ സംഭവങ്ങള്‍ ഭിക്ഷാടകരെ ഭയപ്പെടാന്‍ കുട്ടികളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. സ്‌കൂളുകളിലേക്കുള്ള വഴികളിലെ ഭീതിജനകവും അപകടം നിറഞ്ഞതുമായ കാഴ്ചകളും അനുഭവങ്ങളും കുട്ടികളെ ബാധിക്കുന്നത് മാനസികമായാണ്.
അതുകൊണ്ടു തന്നെ വഴികള്‍ താണ്ടി നടന്നും മറ്റുമെല്ലാം എത്തുന്ന കുരുന്നുകളെ കൃത്യമായ കൗണ്‍സിലിങിനു വിധേയമാക്കേണ്ടിയിരിക്കുന്നു.
സാഹസികം വിദ്യാലയ യാത്രകള്‍
കമുകിന്‍ തടികള്‍ കയറി, തോടുകള്‍ക്കു മുകളിലൂടെ നടന്നു പോകുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികളുണ്ട് ജില്ലയില്‍. അവരില്‍ ചിലരാണ് കാറഡുക്ക പഞ്ചായത്തിലെ പുത്തപ്പലം വളപ്പിലെ വിദ്യാര്‍ഥികള്‍. പുത്തപ്പലം വളപ്പില്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ സാഹസിക യാത്ര നടത്തേണ്ട അവസ്ഥയാണ്.
പൂത്തപ്പലം മല്ലാവര പ്രദേശത്തെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്തേക്ക് നല്ലൊരു റോഡ് പോലുമില്ലാത്തത് ഏറെ ദുരിതത്തിലാക്കുകയാണ്. പൂത്തപ്പലം തോടിനു കുറുകെയുള്ള കമുകിന്‍തടി പാകിയ താല്‍ക്കാലിക പാലത്തിലൂടെ ജീവന്‍ പണയം വച്ചാണ് ഇവിടെത്തെ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന തോടാണിത്. കമുകിന്‍ തടികള്‍ ദ്രവിച്ചു പൊട്ടി നില്‍ക്കുന്ന ഈ പാലത്തിലൂടെ പോകുന്ന പിഞ്ചുകുട്ടികളുടെ കാലൊന്നു തെറ്റിയാല്‍ വലിയ ദുരന്തമാണ് സംഭവിക്കുക.
രാവിലെ കുട്ടികള്‍ പോയതു മുതല്‍ തിരിച്ചു വീട്ടിലെത്തുന്നത് വരെ ആധിയോടെ കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍. വിദ്യാര്‍ഥികളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്താന്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."