സ്പീക്കര്‍ക്കു പിന്നാലെ ചീഫ് വിപ്പും സുപ്രിം കോടതിയില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ സ്പീക്കര്‍ക്കു പിന്നാലെ നിയമസഭാ ചീഫ് വിപ്പും സുപ്രിംകോടതിയെ സമീപിച്ചു. സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യതാ നോട്ടിസില്‍ തുടര്‍നടപടികള്‍ തടഞ്ഞുള്ള ഹൈക്കോടതി വിധിക്കെതിരേയാണ് ചീഫ് വിപ്പ് മഹേഷ് ജോഷി സുപ്രിംകോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി നിയമസഭാ സ്പീക്കര്‍ സി.പി ജോഷിയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചാണ് ഹരജി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍, അടിയന്തര നിയമസഭ ചേരണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ കല്‍രാജ് മിശ്ര പലതവണ തള്ളിയതോടെയാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചിരുന്നത്. നിലവില്‍ ഓഗസ്റ്റ് 14 മുതല്‍ നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സമയത്ത് സഭയിലെത്തുമെന്നു സച്ചിന്‍ പൈലറ്റ് പക്ഷം വ്യക്തമാക്കിയിട്ടുമുണ്ട്.
നേരത്തെ, സച്ചിന്‍ പൈലറ്റിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള 18 എം.എല്‍.എമാരെയും കോണ്‍ഗ്രസ് രണ്ടുതവണ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ക്ഷണിക്കുകയും വിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടു യോഗങ്ങളിലും ഇവര്‍ പങ്കെടുത്തില്ല. ഇതോടെയാണ് അയോഗ്യതാ നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍, ഇതിനെതിരേ പൈലറ്റ് പക്ഷം ഹൈക്കോടതിയെ സമീപിക്കുകയും വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് ഹൈക്കോടതി സ്പീക്കറെ വിലക്കുകയുമായിരുന്നു. ഇതോടെ, തീരുമാനമെടുക്കുന്നതില്‍നിന്ന് ഹൈക്കോടതിയെ വിലക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അയോഗ്യതാ നോട്ടിസ് നല്‍കാനാകില്ലെന്ന് ഹൈക്കോടതിയും സുപ്രിംകോടതിയും നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍
വിമതരെ സ്വീകരിക്കുമെന്ന് ഗെലോട്ട്
ജയ്പൂര്‍: പാര്‍ട്ടി ഹൈക്കമാന്‍ഡ് വിമതര്‍ക്കു മാപ്പുകൊടുക്കുകയാണെങ്കില്‍ അവരെ തിരികെ സ്വീകരിക്കാന്‍ തയാറാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, രാജസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും അതു തടയണമെന്നും ഗെലോട്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."