HOME
DETAILS
MAL
കാലാവസ്ഥാ പ്രവചനത്തിലെ 'പുറംകരാര്‍'; 95 ലക്ഷം അനുവദിച്ചിട്ടും പ്രയോജനമില്ല
backup
August 03 2020 | 03:08 AM
തിരുവനന്തപുരം: സ്വകാര്യ കാലാവസ്ഥാനിരീക്ഷണ ഏജന്‍സികളില്‍നിന്ന് മുന്നറിയിപ്പുകള്‍ വാങ്ങുന്നതിന് ആദ്യഗഡുവായി 95.64 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അതുകൊണ്ടുള്ള പ്രയോജനം സമീപകാലത്തൊന്നും ലഭിക്കാനിടയില്ലെന്ന് വിവരം. പ്രളയ മുന്നറിയിപ്പ് കൃത്യമായി നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിലയിരുത്തലിലാണ് സ്വകാര്യ ഏജന്‍സികളില്‍നിന്ന് മുന്നറിയിപ്പുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ വീണ്ടും മഴ ശക്തമാവുകയും സംസ്ഥാനത്ത് പ്രളയഭീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോഴും ഈ ഏജന്‍സികളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചു തുടങ്ങിയിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥ തലത്തിലുണ്ടായ മാറ്റമാണ് ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം. പുതുതായി ചുമതലയേല്‍ക്കേണ്ടവര്‍ എത്തിയതിനു ശേഷമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വകാര്യ ഏജന്‍സികളില്‍ നിന്നുള്ള വിവരശേഖരണം തുടങ്ങൂവെന്നാണ് അധികൃതര്‍ പറയുന്നത്. മുന്നറിയിപ്പുകള്‍ ലഭിച്ചാല്‍ തന്നെ, പ്രാരംഭഘട്ടമായതിനാല്‍ അത് അടുത്തെങ്ങും പുറത്തുവിടാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു.
2018ല്‍ മഹാപ്രളയമുണ്ടായപ്പോഴാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ പിഴവുണ്ടാകുന്നുണ്ടെന്ന വിമര്‍ശനം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്. പിന്നീട് സംസ്ഥാനത്ത് 73 ഇടങ്ങളിലെങ്കിലും ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട് കേന്ദ്രം കാലാവസ്ഥാവകുപ്പ് മുഖംതിരിക്കുകയാണുണ്ടായത്. തുടര്‍ന്നാണ് ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റ്, വിദേശ ഏജന്‍സികളായ എര്‍ത്ത്‌നെറ്റ് വര്‍ക്ക്, ഐ.ബി.എം വെതര്‍ എന്നിവയില്‍നിന്ന് മുന്നറിയിപ്പുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.ഇതിനായി സ്‌കൈമെറ്റിന് 16.81 ലക്ഷം, എര്‍ത്ത്‌നെറ്റ്‌വര്‍ക്കിന് 51.79 ലക്ഷം, ഐ.ബി.എം വെതറിന് 27.04 ലക്ഷം രൂപയും എന്നിങ്ങനെയാണ് ഒരുവര്‍ഷത്തേക്ക് അനുവദിച്ച് ഉത്തരവിറക്കിയത്.
പ്രാദേശികാടിസ്ഥാനത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയുന്ന കേരളത്തിലെ തന്നെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരെയും മറികടന്നായിരുന്നു തീരുമാനം. ഇതിനു പുറമേ വിവരങ്ങള്‍ ലഭിച്ചുതുടങ്ങിയാല്‍ അത് ഏതുതരത്തില്‍ പുറത്തുവിടുമെന്നത് സംബന്ധിച്ചും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ആശയക്കുഴപ്പമുണ്ട്.
മഴ അതിശക്തമാകും; വിവിധ ജില്ലകളില്‍
ഓറഞ്ച് അലര്‍ട്ട്
അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ കേരളത്തിലും കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം തിയതി ഇടുക്കിയിലും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരവും കോട്ടയവും ഒഴികെ ബാക്കിയുള്ളിടത്ത് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവരും താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനവും പാടില്ല.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രതിരോധ നടപടികളെന്ന കടുത്ത വെല്ലുവിളിയാണ് അധികൃതര്‍ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."