അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് പരിശീലന മൈതാനങ്ങള്‍ മെയ് 15ന് പൂര്‍ത്തീകരിക്കണം: കേന്ദ്ര കായിക മന്ത്രി
ഒരുക്കങ്ങളുടെ വേഗതയില്‍ സന്തുഷ്ടനല്ലെന്ന് വിജയ് ഗോയല്‍
കൊച്ചി : അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിനു പരിശീലന മൈതാനങ്ങള്‍ മെയ് 15ന് പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഇതിനായി താന്‍ സംഘാടകര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഒരുക്കങ്ങളുടെ വേഗതയില്‍ താന്‍ സന്തുഷ്ടനല്ലെന്നും നിശ്ചിത തിയതിക്കുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന സംഘാടകരുടെ ഉറപ്പ് താന്‍ വിശ്വാസത്തില്‍ എടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മെയ് 15ന് തന്നെ പ്രധാന സ്റ്റേഡിയം കൈമാറാമെന്നാണ് സംഘാടകരുടെ ഉറപ്പ്. വിശദീകരണങ്ങളില്‍ താന്‍ തൃപ്തനാണ്. കായിക താരം കൂടിയായിരുന്ന തനിക്ക് ഇതിനെ ലഘൂകരിച്ച് കാണാന്‍ സാധിക്കില്ല. ആവശ്യമെങ്കില്‍ വീണ്ടും കൊച്ചിയിലെത്തി പ്രധാന വേദിയും മൈതാനങ്ങളും സന്ദര്‍ശിക്കും.
ഒരുക്കങ്ങള്‍ വൈകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. എന്നാല്‍ കാര്യങ്ങളുടെ ഗൗരവം സംഘാടകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കായിക മന്ത്രാലയം വേദികളുടെ കാര്യം ഗൗരവകരമായി നിരീക്ഷിക്കുന്നുണ്ട്. സാങ്കേതിക വിദ്യ അത്യുന്നതിയില്‍ നില്ക്കുന്ന ഈ കാലത്ത് മനസു വെച്ചാല്‍ ഒരുക്കങ്ങളെല്ലാം കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അഭിമാനപ്രശ്നം കൂടിയാണ് ലോകകപ്പ് സംഘാടനമെന്നും അദ്ദേഹം പറഞ്ഞു. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."