6,199 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍
ആലപ്പുഴ: ജില്ലയില്‍ ശമനമില്ലാതെ മഴ തുടരുന്നതിനിടെ ദുരിതമൊഴിയാതെ ജനം. ഇതോടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. ഇന്നലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നതില്‍ 38.70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മഴക്കെടുതിയില്‍ ഇന്നലെ ഒരാള്‍ കൂടി ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മഴക്ക് അല്പം ശമനമുണ്ടായെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നദികള്‍ കരകവിഞ്ഞതോടെ കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. മടവീണ് വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇനിയും ഒഴിവായിട്ടില്ല.
വിവിധ താലൂക്കുകളിലായി 6,199 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. 102 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 6,199 കുടുംബങ്ങളില്‍നിന്നുള്ള 26,199 പേരെയാണു മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. കാര്‍ത്തികപ്പള്ളി താലൂക്കിലാണ് ഏറ്റവുമധികം ദുരിതാശ്വാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 53 കേന്ദ്രങ്ങളിലായി 3,940 കുടുംബങ്ങളില്‍ നിന്നുള്ള 17,842 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ചേര്‍ത്തലയില്‍ 30 കേന്ദ്രങ്ങളിലായി 1,696 കുടുംബങ്ങളില്‍നിന്നുള്ള 6,243 പേരെയും ചെങ്ങന്നൂരില്‍ 13 കേന്ദ്രങ്ങളിലായി 368 കുടുംബങ്ങളില്‍നിന്നുള്ള 1,703 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴയില്‍ അഞ്ചും മാവേലിക്കരയില്‍ ഒന്നും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
അമ്പലപ്പുഴയില്‍ അഞ്ച് ക്യാംപുകളിലായി 108 കുടുംബങ്ങളില്‍നിന്നുള്ള 394 പേരും മാവേലിക്കരയില്‍ ഏഴു കുടുംബങ്ങളില്‍നിന്നുള്ള 17 പേരും താമസിക്കുന്നു. കുട്ടനാട് താലൂക്കില്‍ 222 കഞ്ഞിവയ്പ്പുകേന്ദ്രങ്ങളിലായി 19,879 കുടുംബങ്ങളില്‍ നിന്നുള്ള 78,678 പേര്‍ക്കാണു ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."