മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: തള്ളാതെയും കൊള്ളാതെയും മുഖ്യമന്ത്രി
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെപ്പറ്റി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. എന്നാല്‍ സൈബര്‍ ആക്രമണത്തെപ്പറ്റി അറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല എന്ന രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ നല്‍കിയ പരാതി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആരെയെങ്കിലും വ്യക്തിപരമായി പറഞ്ഞിട്ടില്ല. ആരെങ്കിലും തനിക്കെതിരെ വ്യക്തിപരമായി പരാമര്‍ശിക്കുന്നു എന്നും പറഞ്ഞിട്ടില്ല. കൂട്ടത്തില്‍ ചില മാധ്യമങ്ങളെയാണ് പറഞ്ഞത്. നിക്ഷിപ്ത താല്‍പര്യത്തിനായി ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നും അതനുസരിച്ച് ചില നിലപാടുകളെടുക്കുന്നു എന്നും അതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലപാടെടുക്കേണ്ടി വരുന്നു എന്നുമാണ് പറഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബര്‍ ആക്രമണം എന്നത് ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നതാണ്. സംവാദം വേറൊന്നാണ്. നിങ്ങള്‍ക്ക് ആക്ഷേപമായി തോന്നുന്നത് ഏത് പട്ടികയിലാണ് പെടുന്നത് എന്ന് നോക്കട്ടെ. വസ്തുതകളെ വസ്തുതകളായി കാണണം. നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റായി ചിത്രീകരിക്കാനുണ്ടെങ്കില്‍ അത് ആവഴിക്കും പറയണം.
നിങ്ങള്‍ എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ഇതാദ്യമായല്ല. എത്രയോ കാലമായി. സാധാരണ ഗതിയില്‍ നിലവാരം വിട്ടുള്ള വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്റെ ഭാഗത്ത് നിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടുണ്ടോ? ഞങ്ങള്‍ ശീലിച്ചത് അത്തരമൊരു സംസ്‌കാരം അല്ല. നിങ്ങള്‍ നേരത്തെ വിമര്‍ശിച്ചു എങ്കില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ടാണ്. ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ടാണ്.
പക്ഷെ അതില്‍ ചില കാര്യങ്ങള്‍ ഈ അവസാന തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വഴി തിരിച്ച് വിടലുകളാണ്. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്. നിങ്ങള്‍ എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ നിങ്ങളെ കൈകാര്യം ചെയ്തു കളയാം എന്ന നില എവിടെയാണ് സ്വീകരിച്ചത്? അത്തരമൊരു അവസ്ഥ എവിടെയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."