ബറാഅത്ത് രാവ്: റമദാനിലേയ്ക്കുള്ള മുന്നൊരുക്കം
ഒരുക്കം കര്‍മങ്ങളുടെ ഊര്‍ജമാണ്. അതു മനസില്‍ കര്‍മത്തിന്റെ മുഴുചിത്രം ആദ്യമേ വരയ്ക്കുന്നു. അതുവഴി വേണ്ടതും വേണ്ടാത്തതും കൂടുതല്‍ ഫലവത്താക്കാന്‍ ശ്രദ്ധിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതുമായ എല്ലാ കാര്യങ്ങളും നേരത്തേ മനസില്‍ തെളിയുന്നു. ലക്ഷ്യം കൂടുതല്‍ വ്യക്തത നേടുന്നു.
അത്തരത്തിലുള്ള സമ്പൂര്‍ണചിത്രം തെളിയുന്നതോടെ മനസിന് ആ കര്‍മത്തോട് ആകര്‍ഷണവും വൈകാരിക മനോഭാവവും ഉണ്ടാകുന്നു. കര്‍മത്തിലുടനീളം ആത്മീയോന്മേഷവും ഉണര്‍വും പുലര്‍ത്താന്‍ ഇതു സഹായകമാകുന്നു. ഇത്തരമൊരു മാനസികാവസ്ഥയിലായിരിക്കണം ഏതു കര്‍മവും ചെയ്യേണ്ടതെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. ആരാധനകള്‍ പ്രത്യേകിച്ചും. കാരണം അതു മനസിന്റെ മാത്രം വ്യവഹാരമാണല്ലോ.
ശരീരം ആരാധനയില്‍ മനസിന്റെ താളത്തിനൊത്തു ചലിക്കുക മാത്രമാണു ചെയ്യുന്നത്. ഇസ്‌ലാമിലെ ഏതു കര്‍മവും നിയ്യത്ത് കൊണ്ടു തുടങ്ങണമെന്നു പറയുന്നത് ഈ ഒരുക്കത്തിന്റെ ഭാഗമാണ്. നിയ്യത്തുകള്‍ എന്ന മനസൊരുക്കങ്ങളാണു കര്‍മങ്ങളുടെ അസ്തിത്വം തന്നെ നിര്‍ണയിക്കുന്നതെന്നും മനസു കൂടെയില്ലാത്ത കര്‍മങ്ങള്‍ തള്ളപ്പെടുമെന്നും നബി (സ) പഠിപ്പിച്ചതും ഈ അര്‍ഥത്തിലാണ്.
വിശുദ്ധ റമദാനിന്റെ തൊട്ടുമുന്‍പായി കടന്നുവരുന്ന ശഅ്ബാന്‍ മാസത്തില്‍ ചെയ്യാനും പുലര്‍ത്താനുമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള ചിന്തകള്‍ ഇവിടെ നിന്നാണ് ആരംഭിക്കുന്നതും ആരംഭിക്കേണ്ടതും. അത്തരമൊരു ആമുഖത്തില്‍നിന്നു തുടങ്ങാത്തതിനാലാണ് ഇത്തരം ചര്‍ച്ചകള്‍ പലരുടെയും നെറ്റിയില്‍ ചുളിവു വീഴ്ത്തുന്നത്.
റമദാന്‍ സത്യവിശ്വാസിക്കു വച്ചുനീട്ടുന്നത് എന്തെല്ലാമാണെന്നും ഭൗതികവും ആത്മികവുമായ തന്റെ നിലനില്‍പ്പിന് അത് എത്രമാത്രം അനിവാര്യമാണെന്നും മനസിലുറപ്പിക്കുമ്പോഴാണ് ശഅ്ബാന്‍ മാസത്തിന്റെയും അതിലടങ്ങിയിരിക്കുന്ന പുണ്യങ്ങളുടെയും വിലയറിയുക. മനസും ശരീരവും ആത്മീയമായും ആരോഗ്യപരമായും ബലപ്പെടുത്താനും കാലത്തിന്റെ പുരോപ്രയാണത്തില്‍ വന്നുപോയ ന്യൂനതകള്‍ പരിഹരിക്കാനും അല്ലാഹു കാണിക്കുന്ന മഹാമനസ്‌കമായ ഔദാര്യമാണു റമദാന്‍.
അതു നേടിയെടുക്കുവാന്‍ നല്ല ഒരുക്കം വേണം. അതിനാല്‍ത്തന്നെയാണു മുന്‍ഗാമികള്‍ റജബിനെയും ശഅ്ബാനിനെയും ആ ഒരുക്കങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയത്. റജബ് ശരീരവും ശഅ്ബാന്‍ മനസും റമദാനിനുവേണ്ടി ഒരുക്കിയെടുക്കാനുള്ള മാസങ്ങളാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞത് ഇവിടെ സ്മര്യമാണ്. ആറു മാസക്കാലം റമദാനിനുവേണ്ടി മുന്‍ഗാമികള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുമായിരുന്നുവെന്ന് മഅ്‌ലാ ബിന്‍ ഫദ്ല്‍ (റ) പറഞ്ഞതും ചേര്‍ത്തുവായിക്കാം.
മാനസികവും ശാരീരികവുമായ ഒരുക്കങ്ങളുടെ അനിവാര്യത ഇവ്വിധം സ്ഥാപിക്കപ്പെടുമ്പോള്‍ അതിനെ രണ്ടായി വിഭജിക്കാം. ഒന്ന്, മാനസികമായ ഒരുക്കങ്ങളാണ്. അതില്‍പെട്ടതാണ് നേരത്തെ പറഞ്ഞ പ്രാര്‍ഥനകള്‍, തൗബ തുടങ്ങിയവ. രണ്ട്, ശാരീരികമാണ്. അതില്‍പെട്ടതാണ് ശഅ്ബാനില്‍ നബി (സ) സുന്നത്ത് നോമ്പുകള്‍ അധികരിപ്പിച്ചിരുന്നത്.
ശഅ്ബാനില്‍ നബി (സ) നോമ്പനുഷ്ഠിക്കാന്‍ തുടങ്ങിയാല്‍ ഇനി ഈ മാസം നോമ്പ് ഒഴിവാക്കിയേക്കില്ല എന്നും അതേസമയം നോമ്പ് ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ ഇനി ഈ മാസം നോമ്പെടുത്തേക്കില്ല എന്നും ജനങ്ങള്‍ക്കു തോന്നാവുന്ന അത്ര കണിശവും ജാഗ്രതയുമായിരുന്നു ശഅ്ബാനിലെ അനുഭവമെന്ന് സ്വഹാബിമാര്‍ ഉദ്ധരിക്കുന്നു.
ഈ ആത്മീയാനുഭവത്തിന്റെ കാഷ്ഠയാണ് ലൈലത്തുല്‍ ബറാഅ എന്ന ബറാഅത്ത് രാവിന്റെ സാംഗത്യം. കാരണം ഈ കര്‍മങ്ങളെല്ലാം വഴി സത്യവിശ്വാസി തേടുന്ന പ്രതിഫലങ്ങളിലെത്തിച്ചേരുന്നത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിലാണ്. തന്നോട് മനഃശക്തിയും പാപമുക്തിയും ചോദിക്കുന്നവര്‍ക്കെല്ലാം അതു നല്‍കുന്ന രാവാണത്. ഇതു തെളിയിക്കുന്ന രണ്ട് സ്വഹീഹായ ഹദീസുകള്‍ ഉണ്ട്.
ഒന്നാമത്തേത്, മുആദില്‍ (റ) നിന്ന് ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: 'നിശ്ചയം അല്ലാഹു ശഅ്ബാന്‍ പതിനഞ്ചിന്റെ രാവില്‍ ഭൗമാകാശത്തിലേക്ക് ഇറങ്ങിവരികയും എന്നിട്ട് ബഹുദൈവാരാധകരും മാരണപ്പണിക്കാരുമല്ലാത്ത എല്ലാവര്‍ക്കും പൊറുത്തുകൊടുക്കുകയും ചെയ്യും' (അത്തര്‍ഗീബ്).
രണ്ടാമത്തേത്, ആയിശയില്‍ (റ) നിന്ന് ഉദ്ധരിക്കപ്പെടുന്നതാണ്. അവര്‍ ഒരു സംഭവം പറയുന്നു: 'ഒരു രാത്രി നബി (സ) നിസ്‌കാരം തുടങ്ങി. സുജൂദിലെത്തിയതും നബി (സ) നിശ്ചലനായി കിടന്നു. അതത്രയും ദീര്‍ഘമായതിനാല്‍ നബി (സ) മരിച്ചുപോയോ എന്നുവരെ ആയിശാ ബീവി ശങ്കിച്ചു. കുറേ കഴിഞ്ഞ് തലയുയര്‍ത്തിയ നബി (സ) ആശങ്കയും അമ്പരപ്പും നിറഞ്ഞ മുഖത്തോടെ തന്നെ നോക്കിനില്‍ക്കുന്ന പത്‌നിയോടു പറഞ്ഞു: 'ആയിശാ, ഇതേതാണ് രാത്രി എന്നറിയാമോ' ഇല്ലെന്നു പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞുകൊടുത്തു: 'ഇത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ്. ഈ രാവില്‍ അല്ലാഹു തന്റെ അടിമകളിലേക്ക് പ്രത്യക്ഷപ്പെടുകയും പാപമോചനം ചോദിക്കുന്നവര്‍ക്ക് അതും കാരുണ്യം ചോദിക്കുന്നവര്‍ക്ക് അതും നല്‍കും. എന്നാല്‍ മനോവിശുദ്ധിയില്ലാത്തവരെ അവരുടെ അതേ പാട്ടില്‍ വിടുകയും ചെയ്യും' (ബൈഹഖി).
തിര്‍മുദി, ഇബ്‌നു മാജ, അഹ്മദ് (റ) എന്നിവര്‍ മറ്റൊരു സംഭവം ഇതിനു സമാനമായി പറയുന്നുണ്ട്. അന്നു രാത്രി ആയിശ (റ) നബി (സ)യെ വിരിപ്പില്‍ നോക്കുകയുണ്ടായി. നബി(സ)യെ കാണാതെ വന്നതും അവര്‍ ആശങ്കയില്‍ എഴുന്നേറ്റു. പുറത്തിറങ്ങിയ അവര്‍ മണലില്‍ പതിഞ്ഞ കാലടിപ്പാടുകളെ പിന്തുടര്‍ന്ന് നബി (സ)യെ തിരക്കിനടന്നു. ആ നടത്തം ചെന്നെത്തിയത് അല്‍ ബഖീഅ് മഖ്ബറയിലായിരുന്നു. നബി (സ) അവിടെ മനസും കണ്ണും ആകാശത്തു നട്ടു പ്രാര്‍ഥനാനിരതനായിരുന്നു.
ആയിശ ബീവിയെ കണ്ടതും നബി (സ) ചോദിച്ചു: 'ആയിശാ ഞാന്‍ നിന്നെ വഞ്ചിച്ചുവെന്ന് നീ ഭയപ്പെട്ടുവല്ലേ'... 'അങ്ങനെയൊന്നുമില്ല, അങ്ങ് മറ്റേതെങ്കിലും ഭാര്യമാരുടെ വീട്ടിലെങ്ങാനും പോയോ എന്നെനിക്കു തോന്നിപ്പോയി'. തുടര്‍ന്ന് നബി (സ) പറഞ്ഞു: 'നിശ്ചയം അല്ലാഹു ശഅ്ബാന്‍ പകുതിയുടെ രാവില്‍ ആകാശത്തേക്ക് ഇറങ്ങിവരികയും എന്നിട്ട് കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്കു പൊറുത്തുകൊടുക്കുകയും ചെയ്യും'.
ഈ സംഭവവും അതേ ആശയമാണ് പറയുന്നതെങ്കിലും നബിയുടെ ശഅ്ബാന്‍ ദിനങ്ങള്‍ പൊതുവെ ഇങ്ങനെയായിരുന്നു എന്ന് ഇതില്‍നിന്ന് വായിച്ച വ്യാഖ്യാതാക്കളുണ്ട്. അതേ അര്‍ഥത്തിലുള്ള മറ്റു പല ഹദീസുകളും ഉണ്ട്. നിവേദക ശ്രേണിയിലുള്ള ചെറിയ ന്യൂനതകള്‍ അവയില്‍ ചിലതിനുണ്ടെങ്കിലും ഹദീസ് സ്വഹീഹാണ് എന്നുതന്നെയാണ് ഭൂരിപക്ഷത്തിന്റെയും ഭാഗം. പരമ്പരാഗതമായി ശഅ്ബാന്‍ പതിനഞ്ചിന്റെ രാവ് ശ്രേഷ്ഠമാണെന്ന വിശ്വാസം നിലനിന്നിരുന്നതായും അതു നിരാക്ഷേപം ആദരിക്കപ്പെട്ടിരുന്നതായും ചരിത്ര തെളിവുകളുണ്ട്.
എന്നാല്‍ ഈ വിഷയത്തിലുള്ള ചില ആക്ഷേപങ്ങളെ കണ്ണടച്ചു തള്ളുന്നില്ല. അവയില്‍ കഴമ്പുണ്ടോ എന്നും ഉണ്ടെങ്കില്‍ അതെത്ര വലുതാണെന്നും അറിയേണ്ടത് ഇതുവരെ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാന്‍ അനിവാര്യമാണ്. അവ പ്രധാനമായും സൂറത്തു ദുഖാനില്‍ പറയുന്ന ഖുര്‍ആന്‍ അവതീര്‍ണമായ 'ലൈലത്തുന്‍ മുബാറക' എന്ന അനുഗൃഹീത രാവ് ഇതാണോ എന്നതാണ്. ബഹുഭൂരിപക്ഷം വ്യാഖ്യാതാക്കളും അതു റമദാനിലെ ലൈലത്തുല്‍ ഖദ്‌റാണ് എന്ന പക്ഷക്കാരാണ്. എന്നാല്‍ ഇക്‌രിമ തുടങ്ങിയ ചില വ്യാഖ്യാതാക്കള്‍ അതു ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ് എന്ന പക്ഷക്കാരാണ്. രണ്ടു പക്ഷത്തുമുള്ളവര്‍ പ്രമുഖരായതിനാല്‍ പക്ഷങ്ങളുടെ ബലാബലം നാം പരിശോധിക്കേണ്ടതില്ല. പക്ഷെ, ഇത്തരമൊരു പക്ഷാന്തരം ഉണ്ടായതില്‍നിന്ന് ബറാഅത്ത് രാവ് തീരെ തള്ളിക്കളയാന്‍ കഴിയില്ല എന്നത് വ്യക്തമാണ്.
ഉസാമ ബിന്‍ സൈദ് (റ) നബി (സ)യോട് എന്തുകൊണ്ടാണ് അങ്ങ് മറ്റു മാസങ്ങളേക്കാള്‍ ഈ മാസത്തില്‍ നോമ്പനുഷ്ഠിക്കാന്‍ കാരണം എന്നു തിരക്കിയപ്പോള്‍ അദ്ദേഹത്തോട് നബി (സ) പറഞ്ഞത് 'അതു റജബിനും റമദാനിനുമിടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോയേക്കാവുന്ന മാസമാണെന്നും എന്നാല്‍ അതു സൃഷ്ടികളുടെ അമലുകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണെന്നും വ്രതവിശുദ്ധിയില്‍ എന്റെ അമലുകള്‍ ഉയര്‍ത്തപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നതിനാലാണ് അധികമായി നോമ്പെടുക്കുന്നത് എന്നുമായിരുന്നു. (ബുഖാരി). ചുരുക്കത്തില്‍ അല്ലാഹുവോടുള്ള സാമീപ്യം നേടുന്നതിലും പാരത്രിക ജീവിതത്തിനു വേണ്ട പാഥേയം സ്വരുക്കൂട്ടുന്നതിലും ശ്രദ്ധിക്കേണ്ട ശരിയായ സത്യവിശ്വാസിക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ ഇത്രമാത്രം മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."