എക്സൈസ് സേനയെ ശക്തമാക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ സേനാംഗങ്ങളുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും പുതുതായി 138 വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്നും തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനര്‍മാര്‍ക്കായി പുതുതായി വാങ്ങിയ വാഹനങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പിനെ വനിതാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വനിതാ പട്രോളിങ് ആരംഭിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമായി രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പില്‍ ഇ- ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആസ്ഥാനം മുതല്‍ ജില്ലാ ഓഫിസുകള്‍ വരെ ഇ-ഓഫിസ് നടപ്പിലാക്കും. വകുപ്പ് നല്‍കുന്ന 22 സേവനങ്ങളില്‍ 16 എണ്ണം ഓണ്‍ലൈനാക്കിയിട്ടുണ്ട്. ബാക്കി സേവനങ്ങളും ഈ വര്‍ഷം ഓണ്‍ലൈനിലേക്ക് മാറ്റും. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി ലഹരിമരുന്ന് വില്‍പനയും അനധികൃത മദ്യ വില്‍പനയും തടയുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
മദ്യ വ്യവസായ മേഖലയില്‍ സുപ്രിംകോടതി വിധി അനുസരിച്ചാണ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യവില്‍പനശാലകള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. അബ്കാരി നിയമത്തിന്റെ അപര്യാപ്തതകള്‍ പരിഹരിച്ച് ആവശ്യമായ ഭേദഗതി വരുത്തും. ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ്, അഡീഷനല്‍ എക്‌സൈസ് കമ്മിഷനര്‍മാരായ എ. വിജയന്‍, കെ.എ ജോസഫ്, ജോയിന്റ് എക്‌സൈസ് കമ്മിഷനര്‍മാരായ പി.വി മുരളികുമാര്‍, വി. അജിത്‌ലാല്‍, വി.ജെ മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."