'പുട്ടണ്ണോ ഇങ്ങള് മാസ്സാണ് കേട്ടാ.. ഇല്ലോളം വാക്‌സിന്‍ നമ്മക്കും കൂടി തരണേ അണ്ണാ'- കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച റഷ്യക്കും പുടിനും കയ്യടിച്ച് മലയാളികള്‍
തിരുവനന്തപുരം: തങ്ങള്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദന പ്രവാഹവുമായി മലയാളികളും. പുടിന്റെ ഫേസ്ബുക്ക് പേജില്‍ റഷ്യക്കാരെക്കാള്‍ മലയാളികളുടെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.
ഏറെ രസകരമാണ് കമന്റുകള്‍ ഏറെയും. 'പുട്ടണ്ണാ നിങ്ങള് പൊളിയാണ് അന്യായമാണ്, കൊലമാസ്സാണ്','കേരളത്തില്‍ വന്ന് പുട്ടും കടലയും കഴിച്ച പുട്ടിന്റെ അമ്മയും അച്ഛനും ആ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പുട്ടിന് ആ പേര് നല്‍കിയത്. അതുകൊണ്ട് ആദ്യ ലോഡ് കേരളത്തിന്- ഇങ്ങനെ പോകുന്നു കമന്റുകള്‍.
വാക്‌സിന്‍ കിട്ടിയിട്ട് വേണം കണ്ടെയ്ന്‍മെന്റ് സോണിലുള്ള തങ്ങള്‍ക്ക് അര്‍മാദിക്കാനെന്നും ഇന്ത്യയിലേക്ക് കുറച്ചു വാക്‌സിന്‍ കൊടുത്തുവിടണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. എന്തായാലും പുടിന് ഒരു ഹീറോ പരിവേഷമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.
ഇന്ത്യന്‍ സര്‍ക്കാരിനെ പരിഹസിച്ചും കളിയാക്കിയും ഉള്ള കമന്റുകളും ട്രോളുകളും ഇതോടൊപ്പമുണ്ട്.
ലോകം ഒന്നടങ്കം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. പല വാക്‌സിനുകളുടെ പരീക്ഷണങ്ങളും അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് തങ്ങളുടെ വാക്‌സിന്‍ കോവിഡിന് ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയത്. വാക്സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചിരുന്നു. ശാസ്ത്രലോകം ഇതിനെ സംശയത്തോടെയാണ് കാണുന്നതെങ്കിലും സാധാരണക്കാരായ ആളുകള്‍ ഒരു ആശ്വാസ വാര്‍ത്തയായിട്ടാണ് റഷ്യയുടെ അവകാശ വാദത്തെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."