മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധം കര്‍ക്കശമാക്കാന്‍ പൊലിസ്
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധം കര്‍ശനമാക്കാന്‍ പൊലിസ്. നിയന്ത്രണങ്ങള്‍ക്കൊപ്പം ബോധവല്‍കരണത്തിലും ശ്രദ്ധിക്കാനാണു തീരുമാനം. ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണവും ഉറപ്പാക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും.
മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക, ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കും. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുവെന്ന് പൊലിസ് ഉറപ്പാക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി നേരിട്ടുളള പരിശോധന തുടരും. സ്റ്റുഡന്റ് പൊലിസ് സംവിധാനം നിലവിലുളള സ്‌കൂളുകളില്‍ യൂനിഫോം ധരിക്കാന്‍ അനുവാദമുളള റിസോഴ്‌സ് പേഴ്‌സന്‍സ് ആയ അധ്യാപകരെ ഇതിനായി വിനിയോഗിക്കും. ഇക്കാര്യത്തില്‍ അവരെ സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരായി കണക്കാക്കും. ബൈക്ക് പട്രോള്‍ സംഘങ്ങളുടെ സേവനവും നിരീക്ഷണത്തിനായി വിനിയോഗിക്കും.
പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള നിരീക്ഷണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജനമൈത്രി പൊലിസിനെ വിനിയോഗിക്കും. ഈ സംവിധാനത്തിലൂടെ സാമൂഹിക അകലം പാലിക്കല്‍, മറ്റ് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ എന്നിവ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. ഇതിനായി വീട്ടമ്മമാര്‍, ചെറുപ്പക്കാര്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും. പൊതുജനങ്ങളുടെ സഹകരണത്തോടെ പരിസര നിരീക്ഷണം ശക്തിപ്പെടുത്താനുളള നൈബര്‍ഹുഡ് വാച്ച് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കും. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്‌മെന്റ് നടത്താനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."