ഓട്ടോ സ്റ്റാന്‍ഡുകളില്‍ ഓട്ടോറിക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കൊടുങ്ങല്ലൂര്‍: നഗരത്തിലെയും, പരിസര പ്രദേശങ്ങളിലെയും ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളില്‍ ദിനം ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇതുമൂലം ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുവാന്‍ കഴിയാത്തവണ്ണം വീര്‍പ്പുമുട്ടുകയാണ്.
ചില സ്റ്റാന്‍ഡുകളില്‍ വാഹനപ്പെരുപ്പം മൂലം ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡിലെത്തുന്നത്. ഇതിന് പുറമെയാണ് ഹൈകോടതി ഉത്തരവിന്റെ മറവില്‍ പെര്‍മിറ്റുകള്‍ സമ്പാദിച്ചും സ്റ്റാന്‍ഡ് മാറിയും പുതിയ ഓട്ടോറിക്ഷകള്‍ നഗരത്തിലെ സ്റ്റാന്‍ഡുകളില്‍ സ്ഥാനം പിടിക്കുന്നത്. നഗരത്തിലെ പ്രധാന ഓട്ടോ സ്റ്റാന്‍ഡായ വടക്കെനടയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ അടുത്തകാലത്ത് ആറോളം പുതിയ ഓട്ടോറിക്ഷകളാണ് കോടതി ഉത്തരവിലൂടെ പെര്‍മിറ്റ് നേടി എത്തിയിട്ടുള്ളത്.
ഇതോടെ 44 ഓളം ഓട്ടോറിക്ഷകളാണ് ഈ സ്റ്റാന്‍ഡില്‍ ഇപ്പോഴുള്ളത്. ഇതിന്റെ മൂന്നിലൊന്ന് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമുള്ളു. ഇതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തമ്മിലുള്ള ധാരണയനുസരിച്ച് ദിവസം പകുതിമാത്രം ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡിലെത്തുന്നത്.
നഗരത്തില്‍ രണ്ടര കിലോമീറ്ററിനുള്ളില്‍ പന്ത്ര് സ്റ്റാന്‍ഡുകളിലായി 400 ലധികം ഓട്ടോകള്‍ക്കാണ് പെര്‍മിറ്റുള്ളത്. ഇതോടെ ഈ സ്റ്റാന്‍ഡുകളില്‍ വര്‍ഷങ്ങളായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഭീഷണിയായിട്ടുണ്ട്.
ഇത്തരത്തില്‍ പെര്‍മിറ്റ് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരും മറ്റും കൂട്ട് നില്‍ക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."