കരിങ്കല്‍ ക്വാറികള്‍ക്കെതിരേ പൊലിസ് വാനില്‍ പ്രതിഷേധം
തൃശൂര്‍: കരിങ്കല്‍ ക്വാറികളുടെയും ക്രഷര്‍ യൂനിറ്റുകളുടേയും ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും പൊലിസ് വാനില്‍ നടത്തിയ 19 മണിക്കൂര്‍ കുത്തിയിരുപ്പ് സമരം വിജയകരമായി അവസാനിച്ചു. നടത്തറ പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ക്വാറികളുടെ പ്രശ്‌നത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്. എ.ജിയുടെ നിലപാടിന് അനുസരിച്ച് മാത്രമേ കലക്ടര്‍ പ്രശ്‌നത്തില്‍ നിലപാട് സ്വീകരിക്കുകയുള്ളൂവെന്ന് സമരസമിതി നേതാക്കള്‍ക്ക് കലക്ടര്‍ക്ക് ഉറപ്പ് നല്‍കി.
പൊലിസ് വാഹനം ബന്ദിയാക്കിയുള്ള സമരം തുടര്‍ന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കലക്ട്രേറ്റിന് മുന്നില്‍ എത്തി. ഇന്നലെ ഉച്ചക്ക് 12 മണിയോടെ സമരസമിതി നേതാക്കളും വിവിധ രാഷ്ട്രീയ നേതാക്കളും കലക്ടറുടെ ഗസ്റ്റ് ഹൗസിലെത്തി ചര്‍ച്ച നടത്തി. ക്വാറികളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ കമ്മിറ്റി ജില്ലാ കലക്ടര്‍ റദ്ദുചെയ്തു. 29 സ്ത്രീകളും 10 കുട്ടികളുമാണ് സമരത്തില്‍ പങ്കെടുത്തത്. ഇതില്‍ ആറ് ആദിവാസി സ്ത്രീകളും ഉള്‍പ്പെടും. ഒരു രാത്രിയും പകലും നീണ്ട സമരമാണ് വിജയകരമായി പരിസമാപിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് പൊലിസ് വാനിലെ സമരം തുടങ്ങിയത്. കലക്ടറുമായുള്ള ചര്‍ച്ചക്കുശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സമരം അവസാനിപ്പിച്ച് സ്ത്രീകളും കുട്ടികളും വാനില്‍ നിന്ന് പുറത്തിറങ്ങിയത്. ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ കലക്ട്രേറ്റിനു മുന്നിലെ രാപ്പകല്‍ സമരം തുടരുമെന്ന് മലയോര സംരക്ഷണ സമിതി നേതാക്കള്‍ അറിയിച്ചു. വട്ടപ്പാറ മേഖലയിലെ കരിങ്കല്‍, ക്രഷര്‍ യൂനിറ്റുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ കഴിഞ്ഞ 20 ദിവസമായി രാപ്പകല്‍ സമരം തുടരുകയാണ്.
പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടം ഇടപെടാത്തതില്‍ പ്രതിഷേധിച്ച് സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും കലക്ടറുടെ ചേംബര്‍ ഉപരോധിച്ചു. ഉപരോധക്കാരെ അന്യായമായി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളും കുട്ടികളും പൊലിസ് വാനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. അമ്മമാരും കുട്ടികളും പൊലിസ് വാഹനത്തില്‍ സമരം തുടര്‍ന്നപ്പോള്‍ പുരുഷന്മാര്‍ വാഹനത്തിന്റെ പുറത്തിരുന്ന് പ്രതിഷേധിച്ചു. പൊലിസ് വാഹനത്തിലിരുന്നാണ് സമരക്കാര്‍ പ്രഭാത ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കലക്ട്രേറ്റിന് മുന്‍പില്‍ എത്തുകയും കലക്ടറുമായി ചര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തു. മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, മലയോര സംരക്ഷണ സമിതി കണ്‍വീനര്‍ ജോബി, സമരസഹായ സമിതി പ്രവര്‍ത്തകരായ ടി.കെ വാസു, ശ്രീധരന്‍ തേറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സുനില്‍ ലാലൂര്‍ എന്നിവരാണ് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചു. വട്ടപ്പാറയില്‍ കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റുകള്‍ക്കുമുള്ള സ്റ്റോപ്പ് മെമ്മോ തുടരുമെന്ന് കലക്ടര്‍ വി.രതീശന്‍ അറിയിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പട്ടയഭൂമി സംബന്ധിച്ച പ്രശ്‌നത്തില്‍ എ.ജിയുടെ നിയമോപദേശം തേടുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."