കുടിവെള്ളമില്ല; നാട്ടുകാര്‍ നഗരസഭാ കാര്യാലയം ഉപരോധിച്ചു
ഗൂഡല്ലൂര്‍: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ നഗരസഭ കാര്യാലയം ഉപരോധിച്ചു.
നീലഗിരിയില്‍ വരള്‍ച്ച രൂക്ഷമായതോടെ ഗൂഡല്ലൂര്‍,പന്തല്ലൂര്‍ താലൂക്കുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കയാണ്.
ഗൂഡല്ലൂര്‍ നഗരസഭയിലേക്ക് ഹെല്ലന്‍, ബല്മാടി, ആത്തൂര്‍, 27 തുടങ്ങിയ പ്രദേശങ്ങളിലെ തടയണകളില്‍ നിന്നാണ് കുടിവെള്ളമെത്തിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ വേനല്‍ ശക്തമായതോടെ തടയണകള്‍ വറ്റിവരണ്ടതിനാല്‍ കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്. ഇതോടെ മേല്‍ ഗൂഡല്ലൂര്‍, കോക്കാല്‍, നടു ഗൂഡല്ലൂര്‍, കോത്തര്‍ വയല്‍ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമാണ് കുടിവെള്ള വിതരണം ചെയ്യുന്നത്. ഗ്രാമങ്ങളിലേക്ക് നഗരസഭ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നടു ഗൂഡല്ലൂര്‍, ഒന്നര സെന്റ് പ്രദേശത്തുകാര്‍ നഗരസഭ കാര്യാലയം ഉപരോധിച്ചത്. സമരക്കാരുമായി നഗരസഭ അധികൃതര്‍ ചര്‍ച്ച നടത്തിയതില്‍ എല്ലാ പ്രദേശത്തേക്കും കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."