ആ കുരുന്നും മരണത്തിന് കീഴടങ്ങി
ആലുവ: അവന്‍ മരിച്ചു. മാതാവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആ മൂന്നു വയസ്സുകാരന്‍. അനുസരണക്കേടിന് അമ്മ അവന് നല്‍കിയ ശിക്ഷയായിരുന്നു അത്. അടി മുതല്‍ മുടി ചതച്ചു കളഞ്ഞിരുന്നു ആ പിഞ്ചു കുഞ്ഞിനെ.
തലച്ചോറില്‍ ക്ഷതവും ദേഹമാസകലം മര്‍ദനത്തിന്റെയും പൊള്ളലിന്റെയും പാടുകളുമായി ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേസില്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശിനി ഹീന ഖാത്തും (28) കഴിഞ്ഞ ദിവസം റിമാന്‍ഡിലായിരുന്നു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി എറണാകുളം കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.ജുവനൈല്‍ ജസ്റ്റിസ് സെക്ഷന്‍ 75 , ഐ.പി.സി 307 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കുട്ടിയുടെ പിതാവ് പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ പ്രദേശത്ത് എത്തിയത്. പിതാവാണ് കുട്ടിയെആശുപത്രിയില്‍ കൊണ്ടു വന്നത്. ഏണിപ്പടിയില്‍നിന്ന് വീണതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പൊലിസ് നടത്തിയ വിശദ ചോദ്യം ചെയ്യലില്‍ മാതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. പറഞ്ഞത് അനുസരിക്കാഞ്ഞപ്പോള്‍ തല്ലിയെന്നാണ് മാതാവ് പറഞ്ഞത്. ശരീരത്തിന്റെ പല ഭാഗത്തും മര്‍ദനമേറ്റ പാടുകളുണ്ട്. പിന്‍ഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ച പാടുകളുമുണ്ട്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സ്വകാര്യ കമ്പനിയില്‍ ക്രെയിന്‍ ഓപറേറ്ററായി ഒരു വര്‍ഷമായി പ്രദേശത്തുണ്ട്. കുട്ടിയെ മര്‍ദിച്ചതില്‍ പങ്കില്ലെന്നാണ് ഇയാളുടെ മൊഴി.
ബുധനാഴ്ച രാത്രി കുട്ടിക്ക് മൂന്നു മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടെ, തലച്ചോറിലെ രക്തസ്രാവം നിയന്ത്രണ വിധേയമായി. എന്നാല്‍, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."