സ്വാതന്ത്ര്യം മണ്ണിനും മനസിനും
പരിശുദ്ധ മക്കയില്‍ മസ്ജിദുല്‍ ഹറാമിനു പടിഞ്ഞാറു ഭാഗത്തായി ഇപ്പോള്‍ നടന്ന വികസനത്തിനു മുന്‍പ് സൂഖുസ്സ്വഗീര്‍ നിന്നിരുന്ന സ്ഥലത്ത് ഒരു ചെറിയ കുന്നുണ്ടായിരുന്നു. ഹിജ്‌റ യാത്രയ്ക്കുവേണ്ടി ഇറങ്ങവെ നബി(സ) ആ കുന്നില്‍ കയറിനിന്നുകൊണ്ട് കിഴക്കോട്ട് നീണ്ടുകിടക്കുന്ന സ്വന്തം ജന്മനാടിനെ നോക്കി ഇങ്ങനെ പറയുകയുണ്ടായി: 'നിശ്ചയം അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നാടാണ് നീ. നിന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല' (തിര്‍മുദി, ഇബ്‌നുമാജ). ഇത് നബി(സ) സ്വന്തം മണ്ണിനോട് കാണിച്ച സ്‌നേഹം. പക്ഷേ, നീണ്ട പതിമൂന്നു വര്‍ഷം കാത്തിരുന്നിട്ടും, അതിനിടയില്‍ പീഡനങ്ങള്‍ ധാരാളം നേരിട്ടിട്ടും, അനുയായികളെ താല്‍കാലികമായി ആഫ്രിക്കയിലേക്ക് മാറ്റിയിട്ടും, സ്വന്തം പത്‌നി ഖദീജാ ബീവിയുടെ ആരോഗ്യത്തെ പോലും താളംതെറ്റിക്കുംവിധം ക്രൂരമായ ഉപരോധത്തെ നേരിട്ടിട്ടും പിറന്ന മണ്ണില്‍ കാലുറപ്പിച്ചുനില്‍ക്കാന്‍ നബി(സ)ക്കു കഴിഞ്ഞില്ല. അപ്പോള്‍ ജീവിതം യസ്‌രിബിലേക്കു പറിച്ചുനട്ടു. പിന്നെ അതായി നബിയുടെ നഗരവും നാടും. ഇനി താന്‍ ജീവിക്കാനും തുടര്‍ന്ന് അന്തിയുറങ്ങാനും കരുതുന്ന ആ മണ്ണിനോടുമായി പിന്നെ ആ സ്‌നേഹം. മദീനയിലെ കടുത്ത പനിയില്‍ വിറച്ചുകിടക്കുന്ന അബൂബക്കര്‍(റ)ന്റെയും ബിലാല്‍(റ)ന്റെയും ഞരക്കങ്ങള്‍ കേട്ടപ്പോള്‍ 'അല്ലാഹുവേ, മക്കയെ പോലെ മദീനയെയും ഞങ്ങളുടെ മനസോടടുപ്പിക്കേണമേ' എന്നു പ്രാര്‍ഥിച്ചതും വടക്കുപടിഞ്ഞാറ് തലയുയര്‍ത്തിനില്‍ക്കുന്ന തൗറ് മല മുതല്‍ ഏഴു കിലോമീറ്റര്‍ തെക്കു കിടക്കുന്ന ഐര്‍ പര്‍വതംവരെ സംരക്ഷിത പുണ്യനഗരനായി മദീനയെ പ്രഖ്യാപിക്കുമ്പോഴുമെല്ലാം ആ രാജ്യസ്‌നേഹമായിരുന്നു പ്രകടമായത്.
ഓരോ മനുഷ്യനും ഏറ്റവും വൈകാരികത നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്, ആയിരിക്കേണ്ടതാണ് സ്വന്തം മണ്ണ് എന്ന നാട്. ഇത് മനുഷ്യനെ ജീവിതം പഠിപ്പിക്കുന്ന ഇസ്‌ലാമിക ആദര്‍ശത്തിന്റെ ഒരു താല്‍പര്യമായത് അതുകൊണ്ടാണ്. എന്നാല്‍ ഇസ്‌ലാം അവിടെ ഒരു പ്രാദേശികവാദത്തിനോ സ്വാര്‍ഥദേശീയതക്കോ ചൂട്ടു പിടിക്കുകയല്ല. കാരണം ഇസ്‌ലാം രാജ്യസ്‌നേഹം കുത്തിവയ്ക്കുന്നത് ഏതെങ്കിലും ഒരു വര്‍ഗത്തിലോ വിഭാഗത്തിലോ മാത്രമല്ല, മുഴുവന്‍ മനുഷ്യരിലുമാണ്. അപ്പോള്‍ എല്ലാവരും അതു പാലിക്കാന്‍ തയാറായാല്‍ ആകാശച്ചുവടു മുഴുവനും രാജ്യസ്‌നേഹത്തിന്റെ പുഴയൊഴുകും. അതാണ് ഇസ്‌ലാമിന്റെ എല്ലാ സമീപനങ്ങളിലുമുള്ള വിശാല മാനവിക സമീപനം. ഈ വികാരം ഫലപ്രദമായി വരച്ചുവച്ച ജീവിതമായതുകൊണ്ടാണ് നാം ഈ ചിന്ത നബി(സ)യുടെ ജീവിതത്തില്‍നിന്ന് തുടങ്ങിവയ്ക്കുന്നത്. നബിയും ആദര്‍ശവും അതു കാത്തുസൂക്ഷിച്ചു.
ഹിജ്‌റ മൂന്നില്‍ ഉഹ്ദിലേക്ക് ഒരു പ്രതികാര ദാഹവുമായി മക്കക്കാര്‍ ഇരച്ചുവരുന്നുണ്ട് എന്ന വാര്‍ത്തയറിഞ്ഞതോടെ നബി(സ) ഒരു അടിയന്തര യോഗം വിളിക്കുകയുണ്ടായി. പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ആ യോഗം ആദ്യം ചര്‍ച്ചക്കെടുത്തത് മദീനയുടെ ഉള്ളിലേക്ക് ശത്രുസേന വരുംവരെ കാത്തുനില്‍ക്കേണ്ടതുണ്ടോ അല്ല, നഗരത്തിനു പുറത്തുവച്ച് തന്നെ അവരെ തടയണമോ എന്നായിരുന്നു. നാടിനുള്ളിലെ സ്വതന്ത്രമായ ജീവിതം തകര്‍ക്കേണ്ട എന്നായിരുന്നു തീരുമാനം. ഹിജ്‌റ അഞ്ചില്‍ ഇതേ രൂപത്തിലുള്ള ഒരു സൈനിക മുന്നേറ്റത്തെ തടയാന്‍ ഒരു വന്‍കിടങ്ങുതന്നെ ഉണ്ടാക്കുകയുണ്ടായി. നാടിന്റെ സൈ്വരജീവിതം സംരക്ഷിക്കുക എന്നത് അവിടെയും ഒരു ത്വരയായിരുന്നു. നിരവധി പ്രതിരോധ നീക്കങ്ങള്‍ക്ക് നബിയുഗം സാക്ഷ്യംവഹിച്ചപ്പോഴും അതൊന്നും നാട്ടിനുള്ളിലായിരുന്നില്ല എന്നതും ഈ ഗണത്തിലേക്ക് കൂട്ടിവായിക്കാം. ജീവിക്കുന്ന മണ്ണ് സ്വതന്ത്രമായിരിക്കണം എന്ന താല്‍പര്യമാണ് ഇവിടെയെല്ലാം കാണുന്നത്.
ജീവിക്കുന്ന മണ്ണിനെ അതിനെതിരേ നീട്ടുന്ന കൈകളില്‍നിന്ന് സംരക്ഷിക്കുക എന്ന കേവലാര്‍ഥത്തില്‍ സ്വാതന്ത്ര്യം എന്ന സംജ്ഞ ഒതുങ്ങുന്നില്ല എന്നതാണ് നേര്. ബലിഷ്ഠമായ അതിരും വരമ്പുമിട്ട് പട്ടാളക്കാരെ കാവല്‍നിര്‍ത്തുന്നതോടെ ഉണ്ടാകുന്ന ആ സുരക്ഷിതത്വമാണ് സ്വാതന്ത്ര്യം എന്നു നിര്‍വചിക്കുമ്പോള്‍ ആ ആശയത്തിന് അര്‍ഥക്ഷയം സംഭവിക്കും. അതിരുകള്‍ക്കൊപ്പം അതിനുള്ളിലെ മനുഷ്യരുടെ ജീവിതം കൂടി സ്വതന്ത്രമായിരിക്കുമ്പോഴേ സ്വാതന്ത്ര്യം പൂര്‍ണമാകൂ. എഴുപത്തിനാലാം സ്വതന്ത്ര്യദിനത്തിലേക്കു പോകുന്ന ഇന്ത്യയിലെ അവസ്ഥ അതിനൊരു ഒന്നാംതരം ഉദാഹരണമാണ്. ഇവിടെ അതിര്‍ത്തികളെല്ലാം ഒരളവോളം സംരക്ഷിതങ്ങളാണ്. മിടുക്കരായ ജവാന്മാര്‍ തീ തുപ്പുന്ന ആയുധങ്ങളും പിടിച്ച് കമ്പിവേലിക്കരികിലൂടെ റോന്തു ചുറ്റുന്നുണ്ട്. പക്ഷേ, അകത്ത് അവസ്ഥ മോശമാണ്. പുകയുന്ന അതിരുകളുടെ തൊട്ടടുത്ത് കശ്മിരിലെ ജനങ്ങള്‍ ഒരു വര്‍ഷത്തോളമായി ചങ്ങലക്കുള്ളിലാണ്. പാര്‍ലമെന്റ് അംഗത്തിനോ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കോ പോലും മിണ്ടാന്‍ കഴിയാത്ത അവസ്ഥ. തൊട്ടടുത്തായി അസമിലും ബിഹാറിലും കൊല്‍ക്കത്തയിലും ആയിരങ്ങള്‍ ഡിറ്റന്‍ഷന്‍ ക്യാംപുകളിലേക്കു നടന്നുനീങ്ങേണ്ടിവരുന്ന അവസ്ഥ. രാജ്യത്തെ ഏറ്റവും വലിയ ജനവിഭാഗമായ ദലിതര്‍ തങ്ങളുടെ പ്രപിതാക്കള്‍ അനുഭവിച്ചതിലും വലിയ അടിമത്തം അനുഭവിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാണ് എന്ന് അവകാശപ്പെടുന്നതിന് അര്‍ഥമില്ല. അതിനാല്‍ സ്വാതന്ത്ര്യം വെറും മണ്ണിന്റേതു മാത്രമല്ല, മനസിന്റേതു കൂടിയായിരിക്കേണ്ടതാണ്. അതു സാധ്യമാണ് എന്നു തെളിയിക്കാന്‍ നബി ചരിതത്തില്‍ തെളിവുകള്‍ എമ്പാടുമുണ്ട്.
സ്വാതന്ത്ര്യത്തെ മണ്ണിലേക്കും മനസിലേക്കും നീട്ടിയിട്ട് അതിന് ഇസ്‌ലാം അര്‍ഥം നല്‍കുന്നത് പ്രത്യേകമായ ഏതെങ്കിലും നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല. മറിച്ച് ഇസ്‌ലാമിന്റെ സാമൂഹ്യ കാഴ്ചപ്പാടുകള്‍ കൊണ്ടാണ്. അതു തുടങ്ങുന്നത് എല്ലാവിഭാഗം മനുഷ്യരുടെയും അടിസ്ഥാന അസ്തിത്വം സ്ഥാപിച്ചുകൊണ്ടാണ്. മനുഷ്യര്‍ മുഴുവന്‍ ബഹുമാനിക്കപ്പെടേണ്ടവരാണ് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (17:70). അതു ആരെങ്കിലും പതിച്ചുകൊടുക്കുന്നതല്ലെന്നും സ്രഷ്ടാവില്‍ നിന്നു തന്നെ ദത്തമായതാണ് എന്നും തുടര്‍ന്നുപറയുന്നു. ആ അസ്തിത്വമാകട്ടെ ജീവച്ചുപോകുവാനുള്ള അവസരം മാത്രമല്ല, അഭിമാനം കാത്തുസൂക്ഷിക്കാനുള്ള അംഗീകാരംകൂടി നല്‍കുന്നതായിരിക്കണം. വിശുദ്ധ ഖുര്‍ആനിലെ നൂറ്റിനാലാം അധ്യായം മറ്റുള്ളവന്റെ അഭിമാനത്തിനു നേരെയുള്ള കൈയേറ്റങ്ങളെ ശക്തമായി നിരാകരിക്കുന്നു. ഇവ്വിധം അസ്തിത്വത്തെ അംഗീകരിക്കുക എന്നത് ചെറുതല്ല. അതില്ലാതാവുന്നതാണ് നേരത്തെ പറഞ്ഞ ഉദാഹരണത്തില്‍ പോലും പ്രശ്‌നമുണ്ടാക്കുന്നത് എന്നത് അനുഭവമാണല്ലോ. സാമ്പത്തിക സ്വാതന്ത്ര്യമാണ് ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥിതിയുടെ മറ്റൊരു നീക്കം. അധ്വാനം മാത്രമായിരിക്കണം സമ്പാദനത്തിന്റെ മാനദണ്ഡമെന്നും അത് വിശുദ്ധമായിരുന്നാലേ ഐശ്വര്യവത്താകൂ എന്നും ഇസ്‌ലാം സിദ്ധാന്തിക്കുന്നു. സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ ഏതു നാട്ടിലെയും ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും സൈ്വരജീവിതത്തെയും പ്രതികൂലമായി ബാധിക്കും.
വിശ്വാസത്തിനുള്ള സ്വാതന്ത്ര്യമാണ് മറ്റൊന്ന്. ആകാശച്ചുവട്ടിലെ മനുഷ്യരെല്ലാം ഒരേ മതക്കാരായിരിക്കണമെന്ന് അല്ലാഹു ഇച്ഛിക്കുന്നില്ല. അതിനാല്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും മതങ്ങളും വീക്ഷണങ്ങളുമെല്ലാം ഓരോ നാട്ടിലും പലതുമുണ്ടാകാം. അങ്ങനെ വരുമ്പോള്‍ ഈ വിഷയത്തില്‍ നടത്തുന്ന ഏതൊരു ബലപ്രയോഗവും പൊതു ജീവിതത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചേക്കും. അതുണ്ടാവരുതെന്ന് ഇസ്‌ലാം ശക്തിയുക്തം പറയുന്നുണ്ട്, മതത്തില്‍ ബലപ്രയോഗമില്ലെന്ന് (2:256). ആരാധനാ സ്വാതന്ത്ര്യം, നീതി, സമത്വം, സമഭാവം എന്നിവ മുതല്‍ ചിന്താ സ്വാതന്ത്ര്യം വരെ ഈ പട്ടികയിലുണ്ട്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യതയാണ് ഇസ്‌ലാം മനുഷ്യന്റെ മുന്നിലേക്ക് വയ്ക്കുന്നത്. അവയെല്ലാം പാലിക്കപ്പെടുമ്പോള്‍ ഏതു നാടിന്റെയും സ്വാതന്ത്ര്യം പൂര്‍ണാര്‍ഥം പ്രാപിക്കും. ഈ വസ്തുതകളോരോന്നും നമ്മുടെ വര്‍ത്തമാന അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംശോധിക്കുന്ന പക്ഷം സ്വാതന്ത്ര്യത്തെ കുറിച്ച് നാം പറഞ്ഞുവന്നത് ആര്‍ക്കും ബോധ്യപ്പെടുകതന്നെ ചെയ്യും.
ഈവിധം സ്വാതന്ത്ര്യത്തെ അര്‍ഥപൂര്‍ണമാക്കാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ഈ വിഷയത്തില്‍ ഗദ്ഗദങ്ങള്‍ ഉയരുന്ന ഓരോ നാടും ചോദിക്കും. അതിന്റെ ആദ്യത്തെ ഉത്തരം ഓരോ പൗരനുമാണ് എന്നതാണ്. ആദ്യം നാടിന്റെ ഭാഗധേയം നിശ്ചയിക്കുക. അത് എല്ലാവര്‍ക്കും സ്വീകാര്യമാണ് എന്നുറപ്പുവരുത്തുക. സംശയങ്ങളുടെ നിഴലുകളില്‍നിന്ന് അതിനെ എപ്പോഴും അകറ്റിപ്പിടിക്കുക. പിന്നെ ആത്മാര്‍ഥമായും സത്യസന്ധമായും അതു പിന്തുടരപ്പെടേണ്ടതാണെന്ന് പൗരന്‍മാരെ പഠിപ്പിക്കുക. തുടര്‍ന്ന് എന്തെങ്കിലും ചെറിയ അപഥസഞ്ചാരം കണ്ടാല്‍ അതിനു വീണ്ടും മുന്നോട്ടുപോകാനുള്ള എല്ലാ പഴുതും അടച്ച് ആദ്യം തന്നെ അതിനു തടയിടുക. ഇത്രയും കാര്യങ്ങളെ ദേശീയ ഉദ്ഗ്രഥനം എന്നു പറയുന്നു. കാലത്തിന്റെയോ വ്യത്യസ്ത താല്‍പര്യങ്ങളുടെയോ മാറ്റങ്ങളില്‍ പെട്ടും വ്യാഖ്യാന വിശദീകരങ്ങളുടെ മറപറ്റിയും കാര്യങ്ങള്‍ അവതാളത്തിലാകാതെയിരിക്കാന്‍ ഓരോരുത്തരും തികഞ്ഞ ജാഗ്രത പുലര്‍ത്തിയാല്‍ ഒരു ഗദ്ഗദത്തിനും വഴിയില്ല. പക്ഷേ, ഇതെല്ലാം പരന്നുകിടക്കുന്ന പൊതുജന സഞ്ചയം ചെയ്യേണ്ടതാണ്. അതു ശരിയായി നടക്കണമെങ്കില്‍ മേല്‍നോട്ടവും നിരീക്ഷണവും എല്ലാം വേണം. അതു നടത്തേണ്ടത് ഭരണകൂടമാണ്. അതിനാല്‍ ഈ ഉത്തരവാദിത്വം ഭരണകൂടത്തിലും തുല്യമായി വന്നുചേരുന്നു. പൊതുജനങ്ങള്‍ പുലര്‍ത്തുന്നതിലും വലിയ ജാഗ്രത ഭരണകൂടങ്ങള്‍ പുലര്‍ത്തണം. കാരണം അവരാണ് കാവല്‍ക്കാര്‍. അവരാണ് നടത്തിപ്പുകാര്‍. അവര്‍ക്കു പിഴച്ചാലും അവര്‍ അവഗണിച്ചാലും അപകടം കൂടുതല്‍ വേഗത്തിലാകും. പിന്നെ അതിനെ ചികിത്സിക്കാനും പിടിച്ചുകെട്ടാനും ഒന്നും കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."