എച്ച്.ഐ.വി ബാധിത ജീവനക്കാരിയുടെ രോഗവിവരം പരസ്യമാക്കിയവര്‍ക്കെതിരെ;നടപടി വേണമെന്ന് മനുഷ്യാവാകാശ കമ്മിഷന്‍
തിരുവനന്തപുരം: പ്രമുഖ സര്‍ക്കാര്‍ സ്ഥാപനത്തിലെ എച്ച്.ഐ.വി ബാധിതയായ ജീവനക്കാരിയുടെ രോഗവിവരം അടങ്ങിയ രഹസ്യ ഫയലിന്റെ പകര്‍പ്പ് പരസ്യമാക്കിയ സംഭവത്തില്‍ ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ വിശദമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും സ്ഥാപനത്തിന്റെ പ്രോജക്റ്റ് ഡയറക്ടര്‍ക്കുമാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ മൂന്ന് മാസത്തിനകം കമ്മിഷനില്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.എച്ച്.ഐ.വി അണുബാധയെ തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ഭാര്യയാണ് പരാതിക്കാരി.
2008 മുതല്‍ ഇവര്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം എച്ച്.ഐ.വി അണുബാധിതരായ ജീവനക്കാരുടെ ഫയല്‍ അതീവ രഹസ്യമായി സൂക്ഷിക്കണം.
ജീവനക്കാരിയെ സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് രഹസ്യഫയലിലെ വിവരങ്ങള്‍ ചോര്‍ന്നത്. ഇതോടെ ജീവനക്കാരിയെ സമൂഹവും ഓഫിസും ഒറ്റപ്പെടുത്തി.കമ്മിഷന്‍ സ്ഥാപന മേധാവിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വിശദീകരണങ്ങള്‍ തേടിയിരുന്നു. രഹസ്യ രേഖകള്‍ പുറത്തു പോയതിനു കാരണക്കാര്‍ ഫയലുകള്‍ സൂക്ഷിച്ച സ്ഥാപനത്തിലെ അന്നത്തെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റും ഡപ്യൂട്ടി ഡയറക്ടറുമാണെന്ന് പ്രാഥമികമായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയതിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ അക്കാലത്ത് സ്ഥാപനത്തില്‍ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റായിരുന്ന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ ഫയലുകളുടെ കസ്റ്റോഡിയന്‍ താനല്ലെന്നും അതത് സെഷനുകളിലെ ക്ലാര്‍ക്കുമാരാണെന്നും കമ്മിഷനെ അറിയിച്ചു.അതേസമയം രഹസ്യ രേഖകളുടെ പകര്‍പ്പ് എടുത്ത് പരസ്യമാക്കിയ ആളുകളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം ആഭ്യന്തര വകുപ്പിന് കൈമാറണം എന്ന ശുപാര്‍ശ ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ പ്രോജക്റ്റ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു.
എന്നാല്‍ അഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കാതെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനും ഡപ്യൂട്ടി ഡയറക്ടര്‍ക്കുമെതിരായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതീവ രഹസ്യമുള്ള രേഖകള്‍ പുറത്തുപോകാന്‍ കാരണക്കാരായ കുറ്റവാളികളെ കണ്ടെത്തേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും ഡപ്യൂട്ടി ഡയറക്ടറും ഉള്‍പ്പെടെ കുറ്റകൃത്യത്തിന് കൂട്ടുനിന്ന എല്ലാവര്‍ക്കുമെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
എച്ച്.ഐ.വി ബാധിതരുടെ വ്യക്തിപരമായ വിവരങ്ങള്‍ അതീവരഹസ്യമാക്കി സൂക്ഷിക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അവഗണിച്ചത് കുറ്റകരമായ കൃത്യവിലോപമാണെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."