കുടിവെള്ളം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല: സുരേഷ് ഗോപി എം.പി
പയ്യന്നൂര്‍: കുടിവെള്ളം നിഷേധിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രകൃതിദത്തമായ ജലത്തിന്റെ ഉറവിടത്തില്‍ മാലിന്യം കടത്തിവിടരുതെന്നും സുരേഷ് ഗോപി എം.പി. രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. പ്രശ്‌നം സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ധരിപ്പിക്കുവാന്‍ നേവല്‍ അധികൃതര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അത് പഠിച്ച ശേഷം എത്രയും പെട്ടെന്ന് തന്റെകൂടി തീരുമാനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ.പി രാജേന്ദ്രന്‍ സംസാരിച്ചു.
സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി എം.പി നേവല്‍ അക്കാദമിയില്‍ സന്ദര്‍ശനം നടത്തി. നേവല്‍ കമാന്‍ഡറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്നു മാലിന്യ പ്ലാന്റ് വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവിലെ പ്ലാന്റ് പൂര്‍ണമായും മാറ്റുകയും പകരം ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്ന ഡീസെന്‍ട്രലൈസേഷന്‍ പദ്ധതി നേവല്‍ അധികൃതര്‍ക്കു മുന്നില്‍ സുരേഷ് ഗോപി നിര്‍ദേശിച്ചതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."