നാട്ടുകാരുടെ കൂട്ടായ്മയില്‍ തുരുത്തിയില്‍ വിളഞ്ഞത് നൂറുമേനി
എടച്ചേരി: ജൈവ പച്ചക്കറി കൃഷിക്കു വേണ്ടി നാട്ടുകാര്‍ ഒരുമയോടെ കൈകോര്‍ത്തപ്പോള്‍ വിളഞ്ഞത് നൂറുമേനി. എടച്ചേരി പഞ്ചായത്തിലെ മാഹി പുഴയോരത്തെ തുരുത്തി എന്ന ഗ്രാമമാണ് കാര്‍ഷിക രംഗത്തു ജില്ലയ്ക്ക് മാതൃകയാകുന്നത്.
എടച്ചേരി കൃഷിഭവനും സര്‍വിസ് സഹകരണ ബാങ്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. തുരുത്തി പ്രദേശത്തെ വിവിധ മേഖലകളിലെ 40ഓളം കുടുംബങ്ങള്‍ ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നു. ജൈവ പച്ചക്കറി കൃഷി രംഗത്ത് കഠിനാധ്വാനത്തിലൂടെ പൊന്നുവിളയിച്ച് ജൈത്രയാത്ര തുടരുകയാണ് തുരുത്തിയിലെ യുവാക്കളും കുട്ടികളും വനിതകളും.
തുരുത്തി ക്ലസ്റ്ററിലെ കണ്‍വീനര്‍ രാജന്‍ കൊയിലോത്തിന്റെ മേല്‍നോട്ടത്തില്‍ 2013-14 വര്‍ഷങ്ങളിലാണ് ക്ലസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ആദ്യവര്‍ഷം 50 സെന്റില്‍ മാത്രം കൃഷിയിറക്കിയ ക്ലസ്റ്റര്‍ 2016-17 വര്‍ഷത്തില്‍ അഞ്ച് ഏക്കറിലധികം സ്ഥലത്ത് കൃഷിയിറക്കി മാതൃകയാവുകയായിരുന്നു. വെണ്ട, വെള്ളരി, മത്തന്‍, കയ്പ്പ, ചീര, പൊട്ടിക്ക, പടവലം, തക്കാളി, തണ്ണിമത്തന്‍, എളവന്‍, കാബേജ്, കോളി ഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
വിളവെടുത്ത് കൃഷിസ്ഥലത്തുവച്ച് തന്നെ ആവശ്യക്കാര്‍ക്ക് ന്യായമായ വിലയില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ചൊക്ലി, പെരിങ്ങത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ആവശ്യക്കാര്‍ നേരിട്ടുവന്ന് പച്ചക്കറികള്‍ വാങ്ങുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഈ വര്‍ഷം കൃഷിവകുപ്പ് നടത്തിയ വിഷുച്ചന്തയില്‍ നിറഞ്ഞുനിന്നത് തുരുത്തി ക്ലസ്റ്റര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളായിരുന്നു. തൂണേരി, വളയം, ചെക്യാട് തുടങ്ങിയ പഞ്ചായത്തുകളിലെ വിഷുച്ചന്തയ്ക്ക് ആവശ്യമായ നാടന്‍ പച്ചക്കറി കയറ്റിയയച്ചത് തുരുത്തി ക്ലസ്റ്ററിനും ക്ലഷിഭവനും വലിയ നേട്ടമായി.
നല്ല കൃഷിമുറ (ജി.എ.പി)യിലൂടെ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ ആയതിനാല്‍ വിപണി വിലയെക്കാളും ഉയര്‍ന്ന വിലയില്‍ വില്‍പ്പന നടത്താന്‍ കഴിയുമെന്ന് എടച്ചേരി കൃഷി ഓഫിസര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ പച്ചക്കറി കൃഷി കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വ്യാപിപ്പിക്കുന്നതോടൊപ്പം തരിശുഭൂമികള്‍ എറ്റെടുത്ത് കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നെല്‍കൃഷി ചെയ്യാനും ഒരുങ്ങുകയാണ് ഇവര്‍.
കൃഷി ഓഫിസര്‍ ശ്രീമതി സജീറ ചാത്തോത്ത്, കൃഷി അസി. എ.പി അബ്ദുറസാഖ്, എം. സുധീഷ് എന്നിവരുടെ നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളുമാണ് ഇവരെ മുന്നില്‍ നയിക്കുന്നത്. തുരുത്തിയിലെ കര്‍ഷകര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അവര്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ച എടച്ചേരി കൃഷി ഓഫിസിലെ റസാഖ് നേരത്തെ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."