ആര്‍.എസ്.എസ് നേതാവിന് നേരെ വധശ്രമം: പത്ത് സി.പി. എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തലശ്ശേരി: ആര്‍.എസ്.എസ് വിഭാഗ് കാര്യവാഹകും കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യസാക്ഷിയുമായ കതിരൂര്‍ ഡയമണ്ട്മുക്കിലെ വി.ശശിധരന് നേരെ വധശ്രമം.
ശനിയാഴ്ച രാത്രി പത്തരയ്ക്ക് വീടിന് സമീപം വച്ച് ബൈക്കുകളിലെത്തിയ സംഘം ശശിധരനെ ആയുധങ്ങളുപയോഗിച്ചു വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.സംഭവ സ്ഥലത്ത് നിന്ന് ആയുധവുമായി ഒരാളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന 10 പേരെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ കേസെടുത്തതിനു ശേഷം വിട്ടയച്ചു. സുഹൃത്തിന്റെ കാറില്‍ കതിരൂര്‍ ഡയമണ്ട്മുക്കിലെ വീടിന് സമീപം ഇറങ്ങി നടന്ന് പോകുന്നതിനിടെ ബൈക്കുകളിലെത്തിയ അക്രമി സംഘം തനിക്കു നേരെ ആയുധവുമായി എത്തുകയായിരുന്നുവെന്നാണ് ശശിധരന്റെ പരാതി. ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒരു അക്രമിയെ കൈയോടെ പിടികൂടി.
പിണറായി പെനാങ്കിമൊട്ടയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഷിജിന്‍ എന്ന ഷിജി(26)യെയാണ് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ കൈയില്‍ ആയുധവുമുണ്ടായിരുന്നെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍മദ്യപിച്ചു സ്ഥലത്തെിയ ഒരുസംഘമാളുകള്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇവരില്‍ നിന്ന് ആയുധമൊന്നും കണ്ടെത്തിയില്ലെന്നാണ് പൊലിസിന്റെ വിശദീകരണം.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് അക്രമി സംഘത്തെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് 10 പേരെ കസ്റ്റഡിയിലെടുത്തത്.
കൂത്തുപറമ്പ് സി. ഐ യു. പ്രേമനാണ് അന്വേഷണ ചുമതല. ഏറെ രാഷട്രീയ കോളിളക്കം സൃഷ്ടിച്ച കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യ സാക്ഷിയും കേസിലെ പരാതിക്കാരനും കൂടിയാണ് വി.ശശിധരന്‍.
മനോജ് വധക്കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ശശിധരന്‍ സുപ്രിം കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."