എഡ്വേര്‍ഡ് സ്‌നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'സ്‌നോഡന്റെ കാര്യം ഗൗരവമായി പരിഗണിക്കുകയാണ്' എന്നാണ് ട്രംപ് പറഞ്ഞത്. സ്‌നോഡന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും തനിക്കറിയില്ലെന്നും അദ്ദേഹത്തിന് മാപ്പ് നല്‍കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
മുമ്പൊരിക്കല്‍ ട്രംപ് വഞ്ചകനെന്നാണ് സ്‌നോഡനെ വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് വിധിക്കേണ്ട രാജ്യദ്രോഹിയാണ് സ്‌നോഡനെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ സ്‌നോഡനോടുള്ള അദ്ദേഹത്തിന്റെ നിലപാട് ഇപ്പോള്‍ മാറിയെന്നാണ് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നതത്.
അമേരിക്കന്‍ പൗരന്‍മാരുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന വിവരം എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ടത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പ്രിസം എന്ന പേരില്‍ അറിയപ്പെട്ട രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ ഫോണ്‍, മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുവെന്ന വിവരമാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ടത്.
2003 മുതല്‍ 2009 വരെ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ ജോലി ചെയ്തയാളാണ് അദ്ദേഹം. പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രിസം പദ്ധതിയെ പൗരസ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഈ വിവരങ്ങള്‍ പുറത്തുവിട്ടതിന് ശേഷം സ്‌നോഡന്‍ ഹോങ്കോങില്‍ അഭയം തേടി. തുടര്‍ന്ന് അദ്ദേഹത്തിന് അഭയം നല്‍കാന്‍ റഷ്യ മുന്നോട്ട് വരികയായിരുന്നു.
2016 ല്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് സ്‌നോഡന് മാപ്പ് നല്‍കണമെന്ന ആവശ്യപ്പെട്ട് ക്യാംപെയ്ന്‍ നടത്തിയിരുന്നു. അന്ന് ഏകദേശം പത്ത് ലക്ഷത്തോളം പേര്‍ സ്‌നോഡനെ പിന്തുണച്ചുകൊണ്ടുള്ള നിവേദനത്തില്‍ ഒപ്പിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."